പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു നടത്തിയ റെയ്ഡ് “യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല” എന്ന കുറിപ്പ് കൊടുത്ത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി സജി ചെറിയാന്‍. ഏറെക്കാലമായി ചിലർ ഉയർത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ ശൂന്യതയാണ് ഇന്നത്തെ റെയ്ഡിൽ തുറന്നുകാട്ടപ്പെട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'അധികാരത്തിന്റെ സമ്മർദ്ദവും രാഷ്ട്രീയ പ്രതികാരത്തിന്റെ നീക്കങ്ങളും എത്ര ശക്തമായാലും സത്യസന്ധതയുടെ മുന്നിൽ അവ ഒടുവിൽ പരാജയപ്പെടുമെന്നതാണ് ഈ സംഭവവികാസം വ്യക്തമാക്കുന്നത്. പിണറായി വിജയൻ ഏതെങ്കിലും പദവിയോ അധികാരമോ നോക്കി വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ വന്ന ആളല്ല. അധികാര വാഴ്ചയുടെ കോട്ടകൊത്തളങ്ങളെ തകർത്തത്തെറിഞ്ഞ്, സാമാന്യ ജനതയ്ക്ക് ജനകീയ ജനാധിപത്യത്തിന്റെ പുലർവെളിച്ചം പകരുവാൻ സ്വന്തം ജീവിതം സമർപ്പിച്ചുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ സാന്നിധ്യവും സാരഥ്യവും ഫാസിസ്റ്റുകൾക്ക് എക്കാലത്തും ഭയമാണ്. ആ ഭയമാണ്, പതിറ്റാണ്ടുകളായി പൊതുപ്രവർത്തന രംഗത്ത് നിലകൊള്ളുന്ന സഖാവിനു നേരെയുള്ള സർവ ആക്രമണങ്ങൾക്കും കാരണം.
സാധാരണ പ്രവർത്തകനായി തുടങ്ങി വിവിധ വർഗസംഘടനകളുടെ ചുമതലകൾ വഹിച്ചുകൊണ്ട് അധികാരത്തിന്റെ ധാർഷ്ട്യങ്ങളോട് സന്ധിയില്ലാസമരം ചെയ്തു കൊണ്ടുതന്നെയാണ് സഖാവ് പോളിറ്റ്ബ്യുറോയിലേക്കും സംസ്ഥാന മുഖ്യ മന്ത്രി പദവിയിലേക്കും എത്തിയത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിന്റെയും ആശയനിഷ്ഠതയുടെയും ഉദാത്ത മാതൃകയാണ്.
പ്രളയകാലത്തും നിപ പ്രതിസന്ധിക്കാലത്തും കോവിഡ് മഹാമാരിയുടെ ഏറ്റവും കഠിന ഘട്ടങ്ങളിലും വയനാട് ദുരന്തം ഉൾപ്പെടെയുള്ള പ്രളയക്കാലത്തും കേരളത്തെ കൈപിടിച്ചുനടത്തിയ നേതൃത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. വിമർശനങ്ങളെയും ആക്രമണങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ട് വികസനവും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ പുലർത്തുന്ന വിശ്വാസമാണ്.
രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകുമ്പോൾ, യാതൊരു കുറ്റസാധ്യതയും തെളിയിക്കാനാകാതെ അവസാനിച്ച ഇന്നത്തെ ED റെയ്ഡ്, ജനമനസ്സിൽ കൂടുതൽ വ്യക്തത സൃഷ്ടിച്ചിരിക്കുകയാണ്. ആരോപണങ്ങളുടെ പൊടിപടലങ്ങൾ മാറിനിൽക്കുമ്പോൾ കൂടുതൽ തിളക്കത്തോടെ ഉയർന്ന് നിൽക്കുന്നത് പിണറായി വിജയന്റെ രാഷ്ട്രീയ വിശ്വാസ്യതയും ജനപക്ഷ നിലപാടുമാണ്.
സത്യവും നീതിയും കൈമുതലാക്കി ജനപിന്തുണ നേടിയ ഇടതുപക്ഷത്തെയോ അതിന്റെ പ്രവർത്തകരയോ തകർക്കാനോ തളർത്താനോ ഏതൊരധികാരത്തിനും ആയുധത്തിനും കഴിയില്ല എന്നും അവരെ കോട്ടകെട്ടി സംരക്ഷിക്കുവാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഉണ്ടാകും എന്നതിന്റെയും തെളിവാണ് റെയ്ഡിനെതിരെ ഇന്നു നടന്ന ജനകീയ പ്രതിഷേധം.
BJP -UDF ധാരണയിൽ നടത്തിയ റെയ്ഡ് പൊളിഞ്ഞുപോയ സാഹചര്യത്തിൽ നിരപരാധികളായ പ്രവർത്തകരെ പ്രതിചേർത്തും, പാർട്ടി ഓഫീസുകളിൽ കയറി അഴിഞ്ഞാടിയും കലുഷാന്തരീക്ഷം സൃഷ്ടിക്കാമെന്നാണ് ഭരണകൂടവും പൊലീസും കരുതുന്നതെങ്കിൽ അതുനടക്കില്ല. കുറ്റക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതിനെ ആരും എതിർക്കില്ല. അവർ കുറ്റക്കാരായിരിക്കണം എന്നു മാത്രം. '– സജി ചെറിയാന്‍ വ്യക്തമാക്കി.