തടസ്സങ്ങൾ നീങ്ങിയതോടെ CMRL എക്സാലോജിക് ഇടപാടിൽ അന്വേഷണം ഊർജിതമാക്കുകയാണ് എൻഫോഴ്‌സ്മെൻ്റ് ഡയക്ട്രേറ്റ്. വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചെന്നാണ് വിവരം. CMRL കമ്പനിയുടെ മറ്റ് ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാടിൽ SFIO ക്ക് പിന്നാലെയാണ് ഇ.ഡി ചിത്രത്തിലേക്ക് വരുന്നത്. കേസിൽ 2024ൽ ഇഡി ECIR റജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ രേഖകളുമായി ഹാജരാകാൻ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ് നൽകിയിരുന്നു. എന്നാൽ, ഇതിനെ തിരെ സിഎംആർഎലും ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ അന്വേഷണം നിലച്ചു. ഇന്നലെ CMRL ൻ്റെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് മണിക്കൂറുകൾക്കകം അന്വേഷണം ഇഡി പുനരാരംഭിച്ചത്.
നിലവിൽ രേഖകൾക്കായുള്ള പരിശോധനയാണ് നടത്തുന്നത്. ആവശ്യമായ രേഖകൾ ലഭിച്ചാൽ ഇവ വിശദമായി പരിശോധിക്കും. അതിനുശേഷം ആയിരിക്കും കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക. സി.എം.ആർഎലുമായി ബന്ധപ്പെട്ടവരെയാകും ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നാണ് വിവരം. ഇതിനുശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മക്കൾ വീണ അടക്കമുള്ളവർക്ക് സമൻസ് നൽകുക. ഇതിനിടെ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർഎൽ അപ്പീൽ പോകാൻ തീരുമാനിച്ചാൽ അന്വേഷണം വീണ്ടും വൈകും.