തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ–കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിന് തുടക്കമിട്ടത് എസ്എഫ്ഐ എന്നാണ് എഫ്ഐആര്‍. കെഎസ്‌യു നാല് സീറ്റുകളിൽ വിജയിച്ചതോടെയാണ് എസ്എഫ്ഐ പ്രവർത്തകർ അസ്വസ്ഥരായതും അക്രമം ആരംഭിച്ചതും.
കഴിഞ്ഞ രാത്രിയിലുണ്ടായ പാളയത്തെ കലാപഭൂമിയിക്കി മാറ്റി എസ്.എഫ്.ഐ കെ.എസ്.യു സംഘർഷമുണ്ടായത്. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പരസ്പരം കല്ലെറിഞ്ഞ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുള്ള ലാത്തിചാർജ് ഉൾപ്പെടെ പൊലീസ് ഏകപക്ഷീയ ഇടപെടലാണ് നടത്തിയതെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തി. കല്ലേറിലും ലാത്തിചാർജിലും ആറ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരുക്കേറ്റു.
കലാപഭൂമിക്ക് സമാനമായ സംഘർഷാവസ്ഥ. നേർക്കുനേർ കല്ലേറ്. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ലാത്തിചാർജ്. കണ്ണീർവാതകവും, ജലപീരങ്കിയും പ്രയോഗിച്ചിട്ടും സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായില്ല. സി.പി.എം നേതാക്കൾ എത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനവുമായി നീങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർ റോഡരികിൽ കണ്ട യു.ഡി.എഫിന്റെ ഫ്ലക്‌സുകൾ തകർത്തു. പരുക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരെ മെഡിക്കൽ കോളജിലും, ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.