സിനിമാ മേഖലയിലും ഈ സർക്കാരിന്റേതായ സിഗ്നേച്ചർ ഉണ്ടാകും എന്ന മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെ കാണുകയാണെന്ന് സംവിധായകന്‍ വിനയന്‍. കഴിഞ്ഞ സർക്കാർ ഇടതു പക്ഷ നയങ്ങളിൽ നിന്നു വ്യതിചലിച്ച് പോകുന്നു എന്ന്  തോന്നിയ സമയത്ത് ഞാൻ നെഹ്രുവിയൻ ഇടതുപക്ഷമാണന്ന് ഉറക്കെ വിളിച്ചു പറഞ്ഞ വി ഡി സതീശനോട് അന്നു മുതൽ കൂടുതൽ താല്പര്യം തോന്നിയിരുന്നുവെന്നും, അത് നേരിട്ടു വിളിച്ചു പറയുകയും ചെയ്തുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'പറഞ്ഞത് പോലെ തന്നെ 102 സീറ്റ് നേടി യുഡിഎഫ് വിജയിച്ച ശേഷവും വിഡി സതീശനുമായി ഫോണിൽ സംസാരിച്ചിരുന്നു, അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മ വിശ്വാസവും പുതിയ കാഴ്ചപ്പാടുകളും ഏറെ  ആകർഷകമായിരുന്നു. മുഖ്യമന്ത്രി ആയതിനു ശേഷം സംസാരിച്ചിട്ടില്ല. അതൊക്കെ പിന്നെ വല്യ വല്യ കാര്യങ്ങളാണല്ലോ...

ഇന്നലെ എറണാകുളത്തുവച്ച് മലയാള സിനിമാരംഗത്തും ഈ സർക്കാർ മാറ്റങ്ങൾ വരുത്തും സിഗ്നേച്ചർ പതിപ്പിക്കും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോളീ കുറിപ്പെഴുതാനുള്ള പ്രചോദനം. കഴിഞ്ഞ സർക്കാരിലെ സാംസ്കാരിക വകുപ്പുമന്ത്രി സിനിമാ മേഖലയിൽ പക്ഷപാതപരമായ പ്രവർത്തനളും നീതിപൂർവ്വമല്ലാത്ത ഭരണവും നടപ്പാക്കിയിരുന്നതിനെതിരെ ശക്തമായി തന്നെ അന്ന് ഞാൻ പ്രതികരിച്ചിട്ടുണ്ട്. അതിന്റെ ശത്രുതയും എന്നോടുണ്ടായിരുന്നു. 

എന്റെ നിലപാടുകളുടെ പേരിൽ ഉണ്ടാകുന്ന അത്തരം ശത്രുതയൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. സിനിമക്കാർ എന്നും അഴകൊഴമ്പൻ നിലപാടുകാരാണല്ലോ?. അവർക്കു സ്വന്തം കാര്യവും സ്വന്തം ഇമേജും മാത്രം സംരക്ഷിക്കലാണല്ലോ പ്രധാനം. അതിനു വേണ്ടി എന്തും ചെയ്യും.അതല്ലാതെ മറ്റു നിലപാടിനൊന്നും  വലിയ വില കൽപ്പിക്കാത്തവരാണ് 95 ശതമാനവും.

മലയാള സിനിമാരംഗത്ത് അടുത്ത കാലത്ത് ശരിക്കും വിപ്ലവകരമായ ചർച്ചക്കു കാരണമായ ഒന്നാണ് ജസ്റ്റീസ് ഹേമക്കമ്മിറ്റി റിപ്പോർട്ട്..

ആ റിപ്പോർട്ട് കഴിഞ്ഞ സർക്കാർ പൂഴ്ത്തിവയ്കാൻ ശ്രമിച്ചെന്ന ആരോപണവും കോടതി ഇടപെടലും ഒക്കെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു..

ആ റിപ്പോർട്ട് വച്ച് ചില ബ്ളാക് മെയിലിംഗ് നടന്നെന്നു വരെ ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രി  വി ഡി സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ അന്ന് അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ന് സിനിമാരംഗം നവീകരിക്കാനായുള്ള സിഗ്നേച്ചർ ഇടുമ്പോൾ ഹേമക്കമ്മിറ്റി റിപ്പോർട്ടിനു വലിയ പ്രസക്തിയുണ്ട്. കാരണം ജസ്റ്റീസ് ഹേമയും മുതിർന്ന നടി ശാരദയും ശ്രീമതി വത്സല ഐഎഎസ് തുടങ്ങിയവർ ചേർന്ന് എഴുതിയ ആ റിപ്പോർട്ട് യാതൊരു രാഷ്ട്രീയ ഇടപെടലില്ലാത്തതും നിഷ്പക്ഷവുമാണന്നാണ് പറയുന്നത്. 

പൊതുജനത്തിന്റെ നികുതിപ്പണത്തീന്ന് ഒരു കോടിയിലധികം രൂപ ചെലവിട്ടതുമാണ് അതിനു വേണ്ടി. ഹേമക്കമ്മറ്റി റിപ്പോർട്ടിൽ എന്തു നടന്നു എന്ന് പരിശോധിക്കുമെന്ന് പുതിയ സാംസ്കാരിക മന്ത്രി വിഷ്ണുനാഥും ഇന്നലെ ടിവിയിൽ പറയുന്നതു കേട്ടു. ആശാവഹമാണ് ആ തീരുമാനം.

വിനോദ നികുതിയിലുള്ള ഡബിൾ ടാക്സും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സബ്സിഡിയിലുള്ള വലിയ കുറവും ഉൾപ്പടെ നിരവധി പ്രശ്നം ചലച്ചിത്ര മേഖലയിൽ  വേറെ പരിഹരിക്കേണ്ടതായിട്ടുണ്ട്. കാര്യ പ്രാപ്തിയുള്ള ഒരു വ്യക്തിക്കപ്പുറം ഒരു കലാകാരൻ കൂടിയായ മന്ത്രി വിഷ്ണു നാഥും മുഖം നോക്കാതെ നിലപാടുകളിലും നീതിയിലും ഉറച്ചു നിൽക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനും മലയാള സിനിമയിൽ പുതിയൊരു യുഗം ആരംഭിക്കട്ടെ,  സിഗ്നേച്ചർ പതിക്കട്ടെ, അതിനായി കാത്തിരിക്കുന്നു.' – വിനയന്‍ കുറിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on Director Vinayan's hopeful outlook for the Malayalam film industry under the new government, led by Chief Minister VD Satheesan, who has promised significant changes and a "signature" on the sector. Vinayan specifically highlights the relevance of the Justice Hema Committee Report in this anticipated reform process, referencing past issues with the previous government's handling of the report and expressing optimism about the current government's commitment to transparency and fairness in cinema.