കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത. ഡോക്ടർമാരായ അനിത കുമാരി, സ്മിത എന്നിവർക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഇയോട് (ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ) ആരോഗ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി വിഭാഗത്തിലെ 12 പിജി വിദ്യാർഥികളാണ് അധ്യാപകർക്കെതിരെ മാനസിക പീഡന പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ ബുധനാഴ്ച ഡിഎംഇയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർഥികളുടെ പരാതി ശരിവെയ്ക്കുന്ന അന്വേഷണ റിപ്പോർട്ടിൽ, ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ സമിതി റിപ്പോർട്ട് നൽകിയിട്ടും അധ്യാപകർക്കെതിരെ നടപടി വൈകുന്നതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. പൊതുവേദിയിലും രോഗികളുടെ മുന്നിലും വച്ച് അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കുന്നത് പതിവാണെന്നാണ് വിദ്യാർഥികളുടെ പരാതി. കടുത്ത മാനസിക പീഡനം കാരണം രണ്ട് വിദ്യാർഥികൾ രണ്ടാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും അപമാനിക്കലും മാനസിക പീഡനവും ഇപ്പോഴും തുടരുകയാണെന്നും വിദ്യാർഥികൾ പറയുന്നു.