kerala-liquor-plastic-bottle-price-hike-withdrawal

TOPICS COVERED

പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്ന മദ്യത്തിന് ഇരുപത് രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിക്കും. മാലിന്യ സംസ്‌കരണത്തിൻ്റെ ഫലപ്രദമായ മാതൃകയെന്ന പേരിൽ നടപ്പാക്കിയ പരീക്ഷണം ചലനമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തൽ. ബോട്ടിലിന് മുൻകൂറായി ഇരുപത് രൂപ ഈടാക്കുന്ന പരീക്ഷണം നടപ്പാക്കിയ ഇരുപത് ചില്ലറ വില്‍പനശാലകളിലും മുപ്പത് ശതമാനത്തിലേറെ വില്‍പന കുറഞ്ഞുവെന്ന കണക്കും പദ്ധതി ഒഴിവാക്കുന്നതിന് കാരണമായി.

പരീക്ഷണം ബവ്കോക്ക് പാരയായെന്ന് നേരത്തെ തെളിഞ്ഞെങ്കിലും പിന്മാറില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇരുപത് ഷോപ്പുകളിലെ കുപ്പി സംഭരണം ഫലപ്രദമായതിനാൽ പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് മുൻ എക്സൈസ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ഏജൻസിക്ക് പ്ലാസ്റ്റിക് കുപ്പി ശേഖരണത്തിന് കരാര്‍ നൽകി ലക്ഷങ്ങളുടെ ലാഭം നേടിക്കൊടുക്കുന്നതിനുള്ള രഹസ്യ നീക്കവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാൽ ഭരണം മാറിയതോടെ പരീക്ഷണം പാളിയെന്ന് ശരിക്കും ബോധ്യപ്പെട്ട ബവ്കോ, കുപ്പിക്ക് മുൻകൂർ പണമെന്ന നിബന്ധന പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന വിശദമായ ചർച്ചയ്ക്ക് ശേഷം ഇതിൽ ഉത്തരവിറങ്ങും.

പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് ഇരുപത് രൂപ അധികം ഈടാക്കുന്ന കടകളിൽ മുപ്പത് ശതമാനം വരെ വിൽപ്പന താഴ്ന്നതും തീരുമാനം പുനഃപരിശോധിക്കാൻ കാരണമായി. 150 രൂപയുള്ള മദ്യത്തിന് 170 രൂപ നൽകേണ്ടി വരുന്നുവെന്ന മദ്യ ഉപഭോക്താക്കളുടെ വ്യാപക വിമർശനവും ബവ്കോ കണക്കിലെടുത്തിട്ടുണ്ട്. ബാർ കോഡ് ഒട്ടിച്ചാണ് കൈമാറുന്നതെങ്കിലും, വാങ്ങുന്ന കടകളിൽ തന്നെ മദ്യക്കുപ്പി തിരിച്ചേൽപ്പിക്കണമെന്ന നിബന്ധന വെറും വരുമാനമുണ്ടാക്കാനുള്ള മാർഗമാണെന്നായിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം.

ശേഖരിക്കുന്ന ഒഴിഞ്ഞ ബോട്ടിലുകൾ മദ്യം സൂക്ഷിക്കാനാവാത്ത വിധം വിൽപ്പന കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് ബദലായി ഓരോ ചില്ലറ വിൽപ്പന കേന്ദ്രങ്ങളുടെ മുന്നിലും തിരക്കേറിയ ഇടങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ സംഭരിക്കുന്ന ബൂത്തുകൾ സ്ഥാപിച്ച് കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവരെ ചുമതലപ്പെടുത്താനാണ് പുതിയ നിർദേശം. ഈ രീതിയിൽ ബോട്ടിലുകൾ ശേഖരിച്ച് സംസ്‌കരിക്കുന്ന ബദല്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതോടെ ‘ഞങ്ങളുടെ ഇരുപത് രൂപയ്ക്ക് വിലയുണ്ട്, സർക്കാർ ഇത് കാണുന്നില്ലേ’ എന്ന മദ്യപൻമാരുടെ പരിഭവങ്ങൾക്കാണ് പരിഹാരമാകാൻ പോകുന്നത്.

ENGLISH SUMMARY:

Bevco will withdraw the additional charge of twenty rupees on liquor sold in plastic bottles. The experiment, implemented as an effective model for waste management, did not create the expected impact. Sales declined by over thirty percent in the twenty retail outlets where the twenty rupee pre-charge on bottles was implemented, which is a reason for dropping the plan.