ആലപ്പുഴയിൽ നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിച്ചത് എഡിജിപി എം.ആര്‍ അജിത് കുമാറെന്ന് തെളിവ് നിരത്തി അഞ്ച് ഉ‌ദ്യോഗസ്ഥർ. കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോർട്ടും ഉൾപ്പെടെ രണ്ട് നിർണായക രേഖകൾ തിരുത്തിച്ചു. പ്രതികളായ ഗൺമാൻമാരെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞെന്നാണ് മൊഴി. 

കേസ് അന്വേഷിച്ച രണ്ട് ഇൻസ്പെക്ടർമാരും രണ്ട് ഡിവൈഎസ്പിയും ഒരു എസ് ഐയുമാണ് അജിത് കുമാറിനെതിരെ രംഗത്തെത്തിയത്. അതിനിടെ പ്രതികളായ പൊലീസുകാരെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും. പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്ന എസ് പി ഷൗക്കത്തലി ഇന്ന് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയേക്കും . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. 

ആലപ്പുഴയിൽ നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും തല്ലിച്ചതച്ച സംഭവത്തിൽ മൊഴിയെടുക്കൽ തുടർന്ന് പ്രത്യേക അന്വേഷണ സംഘം. കേസിൽ പ്രതിചേർക്കപ്പെട്ട  അഞ്ചു പേരെയും അടുത്ത ദിവസങ്ങളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ആദ്യ അന്വേഷണ സംഘം ഒന്നാം പ്രതി ഗൺമാൻ അനിൽ കുമാറിനെയും രണ്ടാം പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെയും ചോദ്യം ചെയ്തിരുന്നു. 

മൂന്നു പേർ കൂടി അധികമായി പ്രതിപ്പട്ടികയിൽ വന്നതോടെ അഞ്ചു പേരെയും വീണ്ടും വിളിച്ചു വരുത്തും. എഡിജിപി എം.ആർ.അജിത് കുമാറിന്റെ ഇടപെടൽ കാരണമാണ് സുരക്ഷ ഡ്യൂട്ടിയുടെ ഭാഗമായ ബലപ്രയോഗം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം കോടതിയിൽ  റഫറൽ റിപ്പോർട്ട് നൽകിയത്. അന്വേഷണത്തിന് കൂടുതൽ സമയവും നൽകിയില്ല.

മുൻ അന്വേഷണ സംഘത്തിൽ നിന്ന്  ഇക്കാര്യം എസ്ഐ ടി ചോദിച്ചു മനസിലാക്കി. എഡിജിപി നിർദേശിച്ചതനുസരിച്ച് കേസ് ഡയറി തിരുത്തിയെന്ന വിവരം ലഭിച്ചത് ഇങ്ങനെയാണ്. കേസിൽ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Five police officers have alleged that ADGP M.R. Ajith Kumar interfered in the investigation into the assault on KSU and Youth Congress leaders during the Nava Kerala Sadas in Alappuzha. Officers claim crucial documents, including the case diary and final investigation report, were altered to protect the accused gunmen linked to the Chief Minister’s security team. A special investigation team has intensified the probe, while suspensions and further action against senior officials are likely. The anticipatory bail pleas of the accused policemen will also come up before the Alappuzha District Sessions Court.