ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍, കമന്‍റ് ബോക്സുകളില്‍ വിമര്‍ശനം. ഏറ്റവും ഒടുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 'ദൃശ്യം 3' സിനിമ റിവ്യൂവിന്‍റെ കമ്മന്‍റ് ബോക്സുകളാണ് ഷിംജിതയ്ക്കെതിരെ ജനങ്ങള്‍ ആരോപണവുമായെത്തിയത്. മരിച്ച സന്ദീപിന്‍റെ കുടുംബത്തെ പിന്തുണച്ചുകൊണ്ടുള്ള കമന്‍റുകളാണുള്ളത്.
ഒരുപാവത്തെ കൊന്ന കൊലയാളി, ദൃശ്യം തോറ്റുപോവുന്ന സ്ക്രിപ്റ്റ് ആയിരുന്നു നീ തയ്യാറാക്കിയത്, ഇനി ദൃശ്യം മൊഡല്‍ കൊലപാതകം നടത്തരുത് എന്നിങ്ങനെയാണ് കമന്‍റുകള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും ഫേസ്ബുക്കിലൂടെ തന്‍റെ യാത്രകളും ചിത്രങ്ങളും ഷിംജിത പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ഫോട്ടോയ്ക്കടിയില്‍, 'ഞാന്‍ ചിരിക്കല്ല കരയാണ്, ഞാന്‍ ചിരിക്കാണെന്ന് കരുതി നിങ്ങള്‍ കരയണ്ട ട്ടോ..' എന്ന് ഷിംജിത എഴുതിയിരുന്നു. അതിന്‍റെ കമന്‍റ് ബോക്സിലും വലിയ വിമര്‍ശനങ്ങളാണ് ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പതിനെട്ടായിരം ഫോളോവേഴ്സാണ് ഷിംജിതയ്ക്ക് ഫേസ്ബുക്കിലുള്ളത്.
സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ജനുവരി 17നാണ് ദീപക്ക് ജീവനൊടുക്കിയത്. ദീപക്കിന്‍റെ മാതാപിതാക്കളുടെ പരാതിയില്‍ ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഒളിവില്‍ പോയ ഷിംജിതയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.