mr-ajithkumar-2

പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ കുരുക്കി ഗുരുതര കണ്ടെത്തല്‍. കേസ് എഴുതി തള്ളാന്‍ വയനാട് ദുരന്തത്തെ തന്നെ മറയാക്കിയെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ ദുരന്തം ചര്‍ച്ചചെയ്യുന്ന സമയത്ത് തന്നെ കേസ് അവസാനിപ്പിക്കാനായി അന്വേഷണ ഉദ്യോഗസ്ഥരെ മൂന്ന് ദിവസം  തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി.  തെളിവുണ്ടായിട്ടും, തെളിവില്ലെന്നും ദൃശ്യങ്ങളില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് തിരുത്തിച്ചു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയിലും റിപ്പോര്‍ട്ടിലുമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അജിത്കുമാറിനെതിരെ പ്രത്യേകസംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും

 

ഈ മര്‍ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പിണറായി സര്‍ക്കാരിന്‍റെ അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് 2024 ഓഗസ്ത് 16നാണ്. അതായത് 298 പേരുടെ ജീവനും അതിലേറെപ്പേരുടെ ജീവിതവും തകര്‍ത്ത മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സമയം. ദുരന്തത്തിന്‍റെ പതിനേഴാം ദിവസം മര്‍ദനക്കേസ് എഴുതി തള്ളി റിപ്പോര്‍ട്ട് നല്‍കിയത് അന്ന് ക്രമസമാധാന എ.ഡി.ജി.പിയായിരുന്ന എം.ആര്‍.അജിത് കുമാറിന്‍റെ സമ്മര്‍ദംകൊണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. 

രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന അജിത് കുമാര്‍ അതിനിടയില്‍ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തുള്ള തന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അജിത്കുമാറും വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തി. 

ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി എത്രയും വേഗം  കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഇപ്പോള്‍ നല്‍കിയാല്‍ മാധ്യമങ്ങളൊന്നും അറിയില്ലെന്നും നിര്‍ദേശിച്ചു. തെളിവുകള്‍ എതിരാണെന്നും ഇനിയും അന്വേഷിക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ അദേഹത്തിന്‍റെ ഓഫീസിലിരുത്തി തന്നെ റിപ്പോര്‍ട്ട് തിരുത്തിച്ചു.

 

ഓഗസ്റ്റ് 13, 14,15 തീയതികളില്‍ തിരുവനന്തപുരത്ത് താമസിപ്പിച്ച് റിപ്പോര്‍ട്ട് തിരുത്തിയെഴുതിയ ശേഷമാണ് ആലപ്പുഴയിലേക്ക് മടക്കിയത്. തെളിവുണ്ടെന്ന് വിശദീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഒഴിവാക്കി– പരാതിക്കാര്‍ മര്‍ദന ദൃശ്യങ്ങള്‍ ഹാജരാക്കിയില്ല, ഗണ്‍മാന്‍മാര്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രം, ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കരുതെന്ന നിയമമുണ്ടെന്നും എഴുതിചേര്‍ത്തു. അങ്ങിനെയാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കേണ്ടിവന്നതെന്നാണ് അന്നത്തെ ഉദ്യോഗസ്ഥരുടെ മൊഴി.

ENGLISH SUMMARY:

Fresh revelations have surfaced against ADGP M.R. Ajith Kumar in the alleged assault case involving Pinarayi Vijayan’s gunmen. According to statements from former investigating officers, the devastating Mundakkai–Chooralmala disaster in Wayanad was allegedly used as a distraction to quietly close the case. Officers claim they were summoned to thiruvananthapuram, pressured to alter reports, and instructed to remove evidence-based findings before submitting the final report to court. The Special Investigation Team is now preparing to submit its findings to the DGP.