തൃശൂര്‍ പെരിങ്ങാവില്‍ ഇടഞ്ഞ ആനയുടെ പിടിയില്‍ നിന്ന് അദ്ഭുതകരമായാണ് സംഗീത രക്ഷപെട്ടത്. പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നിറങ്ങി പാലസ് റോഡ് വഴി പോകുന്നതിനിടെയാണ് കൊല്ലത്ത് നിന്നെത്തിച്ച ശ്രീ അയ്യപ്പന്‍ ശ്രീലക്ഷ്മിയെന്ന ആന ഇടഞ്ഞത്. ഗാന്ധിനഗര്‍ കോളനിയിലാണ് ആന ഭീതിജനിപ്പിച്ചത്. ആനയുടെ മുന്നില്‍ കാറുമായി പെട്ടുപോയ നിമിഷങ്ങളെ കുറിച്ച് സംഗീത മനോരമന്യൂസിനോട് സംസാരിച്ചു. ഓഫിസിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് സംഗീത ആനയുടെ മുന്നില്‍പ്പെട്ടത്.
സംഗീതയുടെ വാക്കുകള്‍: 'ഓഫിസിലേക്ക് പോകുന്ന വഴിക്ക് കുറച്ച് പിള്ളേര്‍ സ്കൂട്ടറില്‍ വന്നിട്ട് ആന വരുന്നുണ്ട്, റിവേഴ്സെടുക്ക് , റിവേഴ്സെടുക്കൂ എന്ന് പറഞ്ഞു. പക്ഷേ ഇവിടെ റിവേഴ്സെടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് നിന്നു. വേറൊരു കാറും വന്നു. തൊട്ടുപിന്നാലെ സ്കൂട്ടിയില്‍ മകളും വരുന്നുണ്ടായിരുന്നു. ഞാനും കടത്തിവിട്ടാല്‍ അവള്‍ കയറിപ്പോകും. അപ്പോള്‍ ഞാന്‍ അവളോട് ഹോണ്‍ അടിച്ചിട്ട് പിന്നോട്ട് പോകാന്‍ ഞാന്‍ പറഞ്ഞു. മനസിലാവാതെ അവള്‍ മുന്നിലേക്ക് കയറി വന്നതും ആന എന്നെ കാറോടെ ആന പൊക്കിയെടുത്തു. കുത്തിയിങ്ങനെ വായുവില്‍ നിര്‍ത്തി. പിന്നീട് തിരിച്ച് നിലത്തിട്ടു. എന്നിട്ട് പോയി. ആ നേരം കൊണ്ട് നാട്ടുകാര്‍ എന്നെ കാറില്‍ നിന്ന് വലിച്ചെടുത്തു.
ശരിക്കും ലൈഫ് തിരിച്ച് കിട്ടിയതാണ്'– നടുക്കം മാറാതെ സംഗീത പറഞ്ഞു. 'ഭയങ്കര ഹോണടിയാണ് കേട്ടത്. നമുക്ക് അറിയില്ലല്ലോ. ആന വന്നപ്പോള്‍ ആകെ ഷോക്കായി. ഒന്നും ചെയ്യാന്‍ പറ്റിയില്ല'- എന്ന് സംഗീതയുടെ മകള്‍ ശ്രുതിയും പറഞ്ഞു. വീടുകളുടെ മതിലുകളും ഗേറ്റുകളുമെല്ലാം ആനയുടെ പരാക്രമത്തില്‍ തകര്‍ന്നു. ഒരുകിലോമീറ്ററോളം ഓടിയ ആനയെ വാഴത്തോട്ടത്തില്‍ വച്ചാണ് തളച്ചത്.
ENGLISH SUMMARY:
A local woman named Sangeetha had a miraculous escape from the jaws of death after an elephant running amok lifted her car into the air with its tusks in Peringavu, Thrissur. The elephant, named Sree Ayyappan Sreelakshmi, originally brought from Kollam, went wild while walking down Palace Road after exiting the Paramekkavu temple, causing absolute chaos in Gandhi Nagar colony. Realizing the danger too late due to tight road space, Sangeetha stayed inside the vehicle while desperately signaling her daughter, who was riding a scooter closely behind, to back away safely. In a matter of seconds, the aggressive tusker charged and hoisted the entire car into the air, holding it suspended before slamming it back down, allowing alert local bystanders to immediately pull a heavily shocked Sangeetha out of the damaged vehicle. The rampaging animal destroyed several residential compound walls and structural gates across a one-kilometer stretch before being successfully restrained inside a nearby banana plantation by local handlers.