അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന് വെളിപ്പെടുത്തി നടി അന്‍സിബ ഹസൻ. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോമെന്ന് താരം പറയുന്നു.
'ടിനി ടോം എന്നെപ്പറ്റി മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും എന്നോടല്ല പറയുന്നത്, മറ്റ് പലരോടും പറഞ്ഞ്, അവർ വഴി എന്റെ ചെവിയിലെത്തുന്നതാണ്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ. അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം. ഇതിനെക്കാൽ എന്നെ വേദനിപ്പിച്ചത് ഞാൻ പലരെയും മതം മാറ്റി ഇസ്ലാമാക്കാൻ നോക്കുന്നുവെന്ന ടിനി ടോമിന്റെ വാക്കുകളാണ്. ഞാന്‍ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത്. ഇങ്ങനെ പറയുന്ന ആളോടൊക്കെ അറപ്പ് തോന്നും. കൂടെ ജോലി ചെയ്യാൻ പോലും പറ്റില്ല.
നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്. പല വിഷയങ്ങളിലും എനിക്ക് എതിരഭിപ്രായങ്ങളും മറ്റും ഉണ്ടാകും. അതുകൊണ്ടാണോ ഇങ്ങനെയൊക്കെ പറഞ്ഞുപരത്തുന്നത്. ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. വ്യക്തിഹത്യയുടെ ലിമിറ്റെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു. ' - അന്‍സിബ ഹസൻ വ്യക്തമാക്കുന്നു.