പ്രശ്നക്കാരായ നായകളെ കൊല്ലണമെന്ന സുപ്രീംകോടതി വിധി വേഗം നടപ്പാക്കണമെന്ന് തൃശൂര്‍ എരുമപ്പെട്ടിയില്‍ തെരുവുനായയുടെ കടിയേറ്റു മരിച്ച കാര്‍ത്ത്യായനിയുടെ കുടുംബം. വീടിനകത്തു കട്ടിലില്‍ കിടപ്പുരോഗിയായിരിക്കുമ്പോഴായിരുന്നു കാര്‍ത്ത്യായനിയുടെ മരണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു എരുമപ്പെട്ടിയില്‍ തെരുവുനായയുടെ ആക്രണമത്തില്‍ എഴുപത്തിയെട്ടുകാരിയുടെ മരണം. പേവിഷബാധയുള്ള നായയാണ് വീടിനകത്തു കയറി ആക്രമിച്ചത്. മാനസികാരോഗ്യ പ്രശ്നമുള്ള മകന്‍ മാത്രമായിരുന്നു വീട്ടില്‍ കൂട്ടിരിപ്പ്. മകനും കടിയേറ്റിരുന്നു. നായകളുടെ ശല്യം കാരണം രണ്ടാഴ്ചയോളം പുറത്തിറങ്ങാന്‍തന്നെ ഭയമായിരുന്നു. കോഴി മാലിന്യം തള്ളുന്നതാണ് നായകള്‍ കൂടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണകാരികളായ നായകളെ കൊല്ലാമെന്ന സുപ്രീംകോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കാര്‍ത്ത്യയാനിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. 

മരണാനന്തരക്രിയകള്‍ക്കായി പഞ്ചായത്തു നല്‍കിയ പതിനായിരം രൂപയാണ് ആകെ കിട്ടിയ ധനസഹായം. സര്‍ക്കാര്‍തലത്തില്‍ ധനസഹായം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ആ ധനസഹായമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.