കളിച്ചും ചിരിച്ചും കൂട്ടുകാർക്കൊപ്പം ഓടിനടക്കേണ്ട പ്രായത്തിൽ ആശുപത്രി വരാന്തകളാണ് എട്ടുവയസ്സുകാരൻ സായന്തിന്റെ ലോകം. രണ്ടാം ക്ലാസ് വിദ്യാർഥിയായ ഈ കുട്ടിക്ക് ജന്മനാ ഒരു വൃക്ക മാത്രമാണുള്ളത്. അതും ഗുരുതര തകരാറിലായതോടെ വിലകൂടിയ ചികിത്സയും മരുന്നുകളുമാണ് ഇനി ആശ്രയം. എന്നാൽ ചികിത്സാ ചെലവിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് തൃശൂർ അന്തിക്കാട് സ്വദേശികളായ മാതാപിതാക്കൾ.
സായന്തിന്റെ വീടും ഇന്ന് ദുരിതത്തിന്റെ നിഴലിലാണ്. കിടപ്പുരോഗികളായ രണ്ട് മുത്തശ്ശിമാർക്കൊപ്പമാണ് കുട്ടിയുടെ ജീവിതം. രണ്ടര വർഷം മുൻപാണ് സായന്തിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് കുട്ടിക്ക് ഒരു വൃക്ക മാത്രമാണുള്ളതെന്നും ആ വൃക്കയുടെ പ്രവർത്തനവും ഗുരുതരമായി തകരാറിലാണെന്നും കണ്ടെത്തിയത്. ജനനസമയത്തെ പരിശോധനകളിൽ ഈ ആരോഗ്യപ്രശ്നം കണ്ടെത്താനായിരുന്നില്ല.
പഠനത്തിൽ മിടുക്കനായ സായന്തിന് ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിരമായി സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ല. ചികിത്സയുടെ ഭാഗമായുള്ള ആശുപത്രി സന്ദർശനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ബാല്യകാലത്തെ സ്വാഭാവിക ജീവിതം തന്നെ കവർന്നെടുത്തിരിക്കുകയാണ്.
കുട്ടിയുടെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായം ലഭിക്കുന്നുണ്ടെങ്കിലും ചികിത്സാ ചെലവിന് അത് പര്യാപ്തമാകുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
ഒരു ദിവസം 800 മില്ലിലിറ്റർ വെള്ളം മാത്രമേ സായന്തിന് കുടിക്കാൻ അനുമതിയുള്ളൂ. കഠിനമായ വേദന കാരണം പല രാത്രികളിലും കുട്ടിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല.
മകന്റെ ആരോഗ്യനില എങ്ങനെ മെച്ചപ്പെടും? തുടർചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും? ഈ ചോദ്യങ്ങൾക്ക് ഒന്നും ആ മാതാപിതാക്കള്‍ക്ക് ഉത്തരമില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെയാണ് സായന്തിന്റെ മാതാപിതാക്കൾ ഓരോ ദിവസവും മുന്നോട്ടുപോകുന്നത്.