kollam-nh-collapsed

കൊല്ലം കാവനാട്ട് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതില്‍ ആശങ്കയോടെ നാട്ടുകാര്‍.  100 മീറ്ററോളം നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ എങ്ങനെയുണ്ടായെന്നു പരിശോധിക്കാതെ  ടാറും, മെറ്റലുമുപയോഗിച്ച് അടയ്ക്കാനാണ് ദേശീയപാത അതോറിറ്റിയുടെ ശ്രമം. നേരത്തെ മൈലക്കാട് ഉയരപ്പാതയും സര്‍വീസ് റോഡും തകര്‍ന്നു വീണിരുന്നു.

മണ്ണിട്ട് ഉയര്‍ത്തുന്നത് അപകടമാണെന്നും എലിവേറ്റഡ് ഹൈവേ വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മഴ ശക്തമായാല്‍ മണ്ണിരുത്താനും ഉയരപ്പാത തകരാനും സാധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും മുന്നോട്ടു പോകുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നു അറിയിപ്പ് വന്നതിനു പിന്നാലെയാണ് വിള്ളല്‍ രൂപപ്പെട്ടത്.

മണ്ണിന്‍റെ ഘടന പോലും മനസിലാക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടിയം മൈലക്കാട് ഉയരപ്പാതയും സര്‍വീസ് റോഡും ഇടിഞ്ഞു വീഴാന്‍ കാരണം. കാവനാട് വിളളല്‍ വീണതോടെ നാട്ടുകാരും വലിയ ഭയപ്പാടിലാണ്.