കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി മരിച്ച സോനയും ഭര്‍ത്താവ് രജിന്‍ ലാലും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അമ്മാവന്‍റെ മൊഴി. അവര്‍ തമ്മില്‍ ആദ്യം പ്രണയിച്ച് വേര്‍പിരിഞ്ഞവരാണെന്നും വീണ്ടും കൂട്ടിച്ചേര്‍ത്ത് വിവാഹം നടത്തുകയായിരുന്നുവെന്നും കുടുംബം പറയുന്നു. സോന ഇരുന്ന സീറ്റില്‍ നിന്നും തീ ഉയര്‍ന്നതെങ്ങനെയെന്ന ചോദ്യമാണ് കുടുംബാംഗങ്ങള്‍ക്ക് ചോദിക്കാനുള്ളത്. അടിമുടി ദുരൂഹതയാണെന്നും കൊലപാതകമാണെന്ന് നൂറുശതമാനം ഉറപ്പാണെന്നും ഇവര്‍ ആരോപിക്കുന്നു.
കാറിന്‍റെ മുന്‍ഭാഗത്തോ പുറകുവശത്തോ ഒന്നും സംഭവിച്ചിട്ടില്ല. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമികനിഗമനം. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധനടാങ്കിനും തകരാറുകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും ഫോറന്‍സിക് വിദഗദ്ധരും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തമുണ്ടായത് കാറിന്‍റെ പിന്നില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. തങ്ങളുടെ ആരോപണങ്ങളെല്ലാം ശരിവക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സീറ്റിന്‍റെ ഭാഗം കത്തിയുരുകിയൊട്ടിയ നിലയിലായിരുന്നു സോനയുടെ മൃതദേഹം കണ്ടെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
തോട്ടിലേക്ക് ചാടിയ രജിന്‍ പറഞ്ഞാണ് സോനയുടെ കാര്യം അറിഞ്ഞതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സോനയെ ഫോണ്‍ ഉപയോഗിക്കാനോ കുടുംബത്തിനെ വിളിക്കാനോ സ്വന്തം വീട്ടിലേക്ക് വരാനോ രജിന്‍ അനുവദിച്ചിരുന്നില്ല.
അവര്‍ തമ്മില്‍ പല പ്രശ്നങ്ങളുമുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു. സോനയുടെ ഭര്‍ത്താവ് രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നു വർഷം മുൻപാണ് രജിൻലാലും സോനയും വിവാഹിതരായത്. വിദേശത്തായിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്