Image: Kerala High Court, Manorama
ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കുന്നതിന് മുൻപ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി ഹരി ദേവഗീത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ സുപ്രധാന ഉത്തരവ്. ഹർജിക്കാരൻ തന്റെ ഐഡന്റിറ്റി കാർഡിൽ ലിംഗം 'പുരുഷൻ' എന്ന് മാറ്റിയിട്ടുണ്ടെങ്കിലും, ജൈവശാസ്ത്രപരമായി സ്ത്രീയായി തുടരുന്നതിനാൽ ഈ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു വ്യക്തിയുടെ പുനരുൽപ്പാദനത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിയെ എതിർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി നിയമപ്രകാരം ഇത്തരം സേവനങ്ങൾ ദമ്പതികൾക്കും സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
എന്നാൽ, ഒരു വ്യക്തിയുടെ പുനരുൽപ്പാദനത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗർഭപാത്രവും അണ്ഡാശയവും നിലനിൽക്കുന്നിടത്തോളം കാലം ഹർജിക്കാരന് അണ്ഡം വീണ്ടെടുക്കാൻ പൂർണ്ണ അവകാശമുണ്ട്.
ലിംഗമാറ്റ ചികിത്സകൾ ആരംഭിക്കുന്നതിന് മുൻപ് ഇത്തരം സൗകര്യങ്ങളെക്കുറിച്ച് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൃത്യമായ കൗൺസിലിങ്ങും ബോധവൽക്കരണവും നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഉത്തരവിലുണ്ട്. നിലവിൽ എ.ആർ.ടി ക്ലിനിക്കുകൾക്ക് മാത്രമായി അണ്ഡം സൂക്ഷിച്ചുവെക്കാൻ നിയമപരമായ അധികാരമില്ല. അതിനാൽ ഹർജിക്കാരൻ ഒരു എ.ആർ.ടി ബാങ്കിനെ സമീപിക്കണം. ഹർജിക്കാരൻ തിരഞ്ഞെടുക്കുന്ന എ.ആർ.ടി ബാങ്ക് അണ്ഡം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.