cpm-98

TOPICS COVERED

സിപിഎം നേതൃത്വത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റുകളില്‍ അതിരൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗങ്ങളിലാണ് സംസ്ഥാന സെക്രട്ടറിയെ ഇരുത്തിയും വിമര്‍ശനം ഉയര്‍ന്നത്. പി.കെ ശ്യാമളയെ മല്‍സരിപ്പിച്ചതില്‍ കണ്ണൂരിലും കൊല്ലത്തും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും ശൈലിയാണ് തിരിച്ചടിക്ക് കാരണമെന്നും അംഗങ്ങള്‍ പറഞ്ഞു. പാലക്കാട് വിഭാഗീയത ശക്തമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.

താഴെത്തട്ടി‌ലേക്ക് തോല്‍വി വിലയിരുത്തി അഭിപ്രായങ്ങളറിയാന്‍ ഇറങ്ങിയിരിക്കുകയാണ് ഭരണം നഷ്ടപ്പെട്ട സിപിഎം. ചിലര്‍ക്ക് മാത്രം സൗകര്യങ്ങളും സ്ഥാനങ്ങളും ലഭിച്ചുവെന്നും ഒന്നും കിട്ടാത്തവർ അസ്വസ്ഥരായെന്നും കണ്ണൂര്‍ സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. തളിപ്പറമ്പില്‍ ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നത് തടയാൻ നേതാക്കൾ ശ്രമിച്ചില്ലെന്നും പോകുന്നവര്‍ പോകട്ടെയെന്ന് ചിന്തിച്ചത് തിരിച്ചടിയായെന്നും വിമര്‍ശനം. ഒരു വിഭാഗം ഭരണത്തിന്‍റെ സുഖം അനുഭവിച്ചപ്പോള്‍ മറുവിഭാഗം ഇടഞ്ഞുവെന്നും കണ്ണൂരില്‍ വിമര്‍ശമുയര്‍ന്നു.

പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിൽ മല്‍സരിപ്പിച്ചത് വൻ വീഴ്ചയെന്നാണ് കൊല്ലം, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റുകളിലെ വിമര്‍ശനം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി പ്രവർത്തകർക്ക് ഓഫീസ് അന്യമായിരുന്നു. വിവിധ ബോർഡുകളിൽ യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം ഉയർന്നു. ഭരണവിരുദ്ധ വികാരമല്ല, മുഖ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും ശൈലികളാണ് ജനങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കാരണമെന്നാണ് കണ്ണൂരില്‍ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്കെന്ന് പിണറായി വിജയന്‍ പറഞ്ഞത് എന്തിനെന്നും, സദസില്‍ നിന്ന് വന്ന ചോദ്യം കേട്ടില്ലെന്ന് നടിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തൃത്താലയിലെ തോല്‍വിക്ക് കാരണം പാർട്ടിയിലെ ഗ്രൂപ്പിസമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. നെന്മാറയിൽ ഭൂരിപക്ഷം കുറയാൻ കാരണം പാർട്ടിയിലെ അനൈക്യമാണെന്നും അഭിപ്രായമുയര്‍ന്നു. സെക്രട്ടറേറിയറ്റുകള്‍ പൂര്‍ത്തിയായ സ്ഥിതിയ്ക്ക് ജില്ലാ കമ്മിറ്റി യോഗങ്ങളിലേക്ക് സിപിഎം കടന്നിട്ടുണ്ട്. ഇവിടെയും രൂക്ഷമായ വിമര്‍ശനം ഉയരും.

ENGLISH SUMMARY:

CPM internal criticism is surfacing in district secretariats following an election defeat review. Members are openly criticizing the leadership's style and decision-making processes, leading to significant dissent within the party.