പാലക്കാട്ട് പൊലീസിന് എതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.വിപിന്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസുകാരെ വീട്ടില്‍ കയറി തല്ലും എന്നായിരുന്നു ഭീഷണി
എസ്എഫ്ഐകാരെ തല്ലിയ പൊലീസുകാരെ നോക്കിവച്ചിട്ടുണ്ട്. കിട്ടിയത് തിരിച്ചുകൊടുക്കും. പൊലീസിന്‍റെ ശരീരത്തില്‍ നിന്നും ചോരവരും എന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എസ്.വിപിന്‍റെ ഭീഷണി. ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പ്രവര്‍ത്തരെ തല്ലിയ പൊലീസുകാരുടെ പേരും സ്ഥലവും എടുത്തുപറഞ്ഞായിരുന്നു പ്രസംഗം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടെ നടത്തിയ ഈ പ്രസംഗത്തിലാണ് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തത്. എസ്.വിപിനും കണ്ടാല്‍ അറിയാവുന്ന 50 പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്. സമരത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകളും തകര്‍ത്തിരുന്നു
പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ, പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ഉണ്ടായ പൊലീസ് നടപടിക്ക് എതിരെ സിപിഎം ജില്ലാ നേതൃത്വവും രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.