മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനങ്ങളുമായി യുവ നേതാക്കള്‍. 'കേരളത്തിന്‍റെ, കോൺഗ്രസ്സിന്‍റെ, യുഡിഎഫിന്‍റെ മുഖ്യമന്ത്രി  വി.ഡി.സതീശന് അഭിവാദ്യങ്ങൾ' എന്നാണ് ഷാഫി പറമ്പില്‍ കുറിച്ചത്.  'കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു'വെന്നും വി.ടി.ബല്‍റാം. 

ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർത്ഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം കുറിച്ചു. 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ' എന്ന് ഹൈബി ഈഡന്‍ കുറിച്ചു. വിഡി സതീശന് അഭിനന്ദങ്ങളുമായി പി.സി.വിഷ്ണുനാഥും ചാണ്ടി ഉമ്മനും ഫാത്തിമ തഹ്​ലിയയും പോസ്റ്റ് പങ്കുവച്ചു. 

പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്‍റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.

ENGLISH SUMMARY:

VD Satheesan's appointment as the new Chief Minister of Kerala has been met with widespread congratulations from young Congress leaders. This decision, following ten days of discussions, signifies a formal endorsement of the public's sentiment towards him.