welfare-pension

ക്ഷേമ പെന്‍ഷന്‍ 3000 ആക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കിയാല്‍ പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത. വര്‍ഷം 23000 കോടിയോളം രൂപ ഖജനാവിന് ബാധ്യത വരും. ക്ഷേമ പെന്‍ഷന് നിലവില്‍ വേണ്ടി വരുന്ന തുകയേക്കാള്‍ 7,440 കോടി രൂപ അധികമായി വേണ്ടിവരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ഇത് താങ്ങാനാകുമോ എന്നതാണ് ചോദ്യം.

യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ച അഞ്ച് ഉറപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും എന്നത്. നിലവില്‍ 2000 രൂപയാണ് ക്ഷേമ പെന്‍ഷന്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. പ്രതിമാസം 1240 കോടി. വര്‍ഷം 14,480 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനായി നല്‍കുന്നത്. ഇടക്കെന്ന് മുടങ്ങിയെങ്കിലും ഒരു രൂപ കുടിശിക ബാക്കിയാതെയാണ് ഇടത് സര്‍ക്കാര്‍ പടിയിറങ്ങുന്നത്. പദ്ധതി വിഹിതം വെട്ടിക്കുറച്ച് തുക വകമാറ്റുകയും കടം വാങ്ങിയുമൊക്കെയാണ് ഇടത് സര്‍ക്കാര്‍ ഈ വെല്ലുവിളിയെ മറികടന്നത്. പക്ഷെ പുതിയ സര്‍ക്കാരിന് ആ മാതൃക അധികകാലം തുടരാനാവില്ല. അപ്പോഴാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം. അത് നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും.  

പെന്‍ഷന്‍ തുക 3000 ആക്കി ഉയരുമ്പോള്‍ പ്രതിമാസം 1860 കോടി രൂപയാണ് ഖജനാവിന് ബാധ്യതയായി വരിക. നിലവില്‍ വേണ്ടതിനേക്കാള്‍ 620 കോടി രൂപ അധികം. ഒരു വര്‍ഷം വേണ്ടി വരിക 22,320 കോടി രൂപ. നിലവില്‍ വേണ്ടതിനേക്കാള്‍  7,440 കോടി രൂപയുടെ അധികം. ഇത്രയും ഭീമമായ ബാധ്യത ഏറ്റെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് അസാധ്യമാണ്. നികുതി പിരിവ് കാര്യക്ഷമമാക്കിയും, കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് കൃത്യമായി വാങ്ങിയെടുത്തും വരുമാനം വര്‍ധിപ്പിച്ച് മാത്രമേ ഇത് സാധ്യമാകൂ. അതിനുള്ള രാഷ്ട്രീയ ഇഛാ ശക്തിയും, ആസൂത്രണ മികവും പുതിയ സര്‍ക്കാരിന് ഉണ്ടാകുമോ...? കാലം മറുപടി നല്‍കേണ്ട ചോദ്യങ്ങളാണ്. 

ENGLISH SUMMARY:

The UDF government's key promise to increase welfare pensions from ₹2000 to ₹3000 is set to impose a massive financial burden on Kerala's treasury. Currently, the state spends ₹14,480 crore annually to provide pensions to 62 lakh beneficiaries, but this figure will jump to approximately ₹22,320 crore with the proposed hike. This transition requires an additional ₹7,440 crore per year, posing a significant challenge for a government already grappling with a severe financial crisis. Implementing this promise will demand extraordinary planning, efficient tax collection, and successful negotiations with the Central Government for pending funds.