സമഗ്രശിക്ഷാ കേരളത്തിലെ ആറായിരം ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. ഫണ്ടില്ലാത്തതാണ് ശമ്പളം മുടങ്ങാന്‍കാരണം. അതേസമയം പി.എം.ശ്രീയില്‍ കേരളം ഒപ്പുവെച്ചില്ലെങ്കില്‍ പണം നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തു.
1500 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ട കേന്ദ്ര ഫണ്ട്. പി.എം.ശ്രീ ഒപ്പിട്ടാലെ പണം നല്‍കാനാവൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരളത്തെ അറിയിച്ചു. സമഗ്രശിക്ഷാ കേരളത്തിന്‍റെ ഡയറക്ടര്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ കണ്ടപ്പോഴാണ് കടുത്ത നിലപാട് കേന്ദ്രം പറഞ്ഞത്. രണ്ടുമാസമായ സര്‍വ്വശിക്ഷാ കേരളത്തിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയിട്ട്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വേതനം ലഭിച്ചിട്ടില്ല. അധ്യാപക പരിശീലനം മുടങ്ങി. സ്കൂള്‍തുറക്കുമ്പോള്‍ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് പ്രവേശനോത്സവം ഉള്‍പ്പെടെ സംഘടിപ്പിക്കുക. പി.എം.ശ്രീ വേണോ വേണ്ടയോ എന്ന സുപ്രധാന രാഷ്ട്രീയ തീരുമാനം പുിയ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാകും. പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ പണം കിട്ടില്ല. ഒപ്പിട്ടാല്‍ ആദ്യം തന്നെ ബിജെപി സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കി എന്ന പഴി കേള്‍ക്കേണ്ടിയും വരും. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ മരവിപ്പിച്ചത്.