നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം നീളുന്നതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ഭരണകാര്യങ്ങളിൽ ഇടപെടാത്തതും നയപരമായ തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നതും ഭരണചക്രത്തിന്റെ വേഗത കുറച്ചു.
പത്തു ദിവസത്തിലേറെയായി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ എത്തിയിട്ട്. കാവൽ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ഔദ്യോഗിക വസതിയിൽ തുടരുന്നുണ്ടെങ്കിലും ഭരണപരമായ ഫയലുകളിൽ തീരുമാനമെടുക്കുന്നില്ല. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴിവാക്കിയ അദ്ദേഹം പാർട്ടി വാഹനത്തിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെ കണ്ടോൺമെന്റ് ഗേറ്റ് വഴി മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിട്ട് ദിവസങ്ങളായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നിലവിൽ അത്യാവശ്യ കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ, നിർണ്ണായകമായ പല ഫയലുകളിലും "പുതിയ സർക്കാർ വരട്ടെ" എന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങളെയും വിവിധ പദ്ധതികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഭരണപരമായ ഉത്തരവുകൾ ഇറങ്ങുന്നില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ സ്ഥലംമാറ്റങ്ങൾ സജീവമായി നടക്കുന്നുണ്ട്. യുഡിഎഫ് അനുകൂല സംഘടനകൾ ആവശ്യപ്പെടുന്ന സ്ഥലംമാറ്റങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിൽ പ്രധാനമായും നടക്കുന്നത്. പുതിയ സർക്കാർ വരുന്നതിന് മുൻപേ തങ്ങൾക്ക് താല്പര്യമുള്ള തസ്തികകളിലേക്ക് മാറാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മന്ത്രിമാരില്ലാത്തതിനാൽ പരാതികളുമായി എത്തുന്ന പൊതുജനങ്ങൾ നിസ്സഹായരാണ്. സെക്രട്ടേറിയറ്റിൽ എത്തിയാൽ പരാതി കേൾക്കാൻ മന്ത്രിമാരില്ലാത്തതും ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകാത്തതും സാധാരണക്കാരെ വലയ്ക്കുന്നു. "കടക്ക് പുറത്ത്" എന്ന് ജനങ്ങൾ വിധിയെഴുതിയെങ്കിലും, ഭരണത്തിന്റെ അമരത്തേക്ക് ആര് കയറണമെന്ന കാര്യത്തിൽ ഡൽഹിയിൽ ചർച്ചകൾ നീളുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.