ac-explosion-sports-council-thiruvananthapuram

തലസ്ഥാനത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. ഗ്യാസ് ഫിൽ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സെക്രട്ടേറിയറ്റിന് സമീപമുള്ള സ്പോർട്സ് കൗൺസിൽ കെട്ടിടത്തിന്റെ പുറകുഭാഗത്ത് എസിയുടെ അറ്റകുറ്റപ്പണി നടക്കുമ്പോഴായിരുന്നു സംഭവം. ചന്ദ്രശേഖരൻ സ്റ്റേഡിയത്തിലെ താൽക്കാലിക ജീവനക്കാരായ രണ്ട് പേരാണ് ജോലി ചെയ്തിരുന്നത്. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകരുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സ്ഫോടനം നടന്ന സമയത്ത് കെട്ടിടത്തിനുള്ളിലെ ഹാളിൽ മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നു. എന്നാൽ പൊട്ടിത്തെറി നടന്ന സ്ഥലത്ത് നിന്ന് ഇവർ മാറി നിന്നിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ ജീവനക്കാരാണ് ചോരയിൽ കുളിച്ചു കിടന്ന തൊഴിലാളികളെ കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്ഥിരമായി അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ തന്നെയാണ് ഇന്നും എത്തിയത്. ഗ്യാസ് ഫിൽ ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവാണോ അതോ സിലിണ്ടറിന്റെ തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് പൊലീസ് പരിശോധന നടത്തി. ആശുപത്രിയിൽ കഴിയുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.

ENGLISH SUMMARY:

An AC exploded at the State Sports Council headquarters in Thiruvananthapuram during repair work, injuring two employees. The incident occurred while refilling gas, with one worker in critical condition.