കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ പുതിയ പ്ലാറ്റ്ഫോം സംവിധാനം യാത്രക്കാരെ കുഴക്കുന്നു. പ്ലാറ്റ്ഫോം തിരിച്ച് സ്ഥലനാമ ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും, അതിനനുസരിച്ചല്ല ബസുകള്‍ എത്തി നിര്‍ത്തുന്നത്. ബോര്‍ഡില്‍ ഒരു സ്ഥലപേര്‍, താഴെ കിടക്കുന്നത് മറ്റൊരു റൂട്ടിലെ ബസ്, ഇതാണ് സ്റ്റാന്‍ഡിലെ ഇപ്പോഴത്തെ അവസ്ഥ.
സ്റ്റാന്‍ഡിലെ സ്ഥലപരിമിതി മൂലം ഒഴിവ് കിട്ടുന്ന പ്ലാറ്റ്ഫോമുകളിലേക്കാണ് ബസുകള്‍ ക്രമരഹിതമായി കയറുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് ശരിയായ ബസ് കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ഇടത്തിനായി ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കവും പതിവാകുകയാണ്.
പുതിയ സംവിധാനം ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി. സ്റ്റാന്‍ഡിലേക്ക് കയറാന്‍ നീണ്ട സമയം കാത്തിരിക്കേണ്ടി വരുന്നതായും, റിവേഴ്‌സ് എടുക്കുമ്പോള്‍ പിന്നിലുള്ള യാത്രക്കാരെ കാണാന്‍ കഴിയാത്തത് സുരക്ഷാ പ്രശ്നമാകുന്നതായും ജീവനക്കാര്‍ പറയുന്നു.
മുന്‍പ് ബസുകള്‍ നേരിട്ട് പ്ലാറ്റ്ഫോമിന് സമീപം എത്തി യാത്രക്കാരെ കയറ്റിയായിരുന്നു സര്‍വീസ്. വൈറ്റില ഹബ് മാതൃകയില്‍ പുതിയ സംവിധാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ വലക്കുന്നത്.