najeeb-organ-donation-3

അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി വൻ ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിലും തട്ടിപ്പിന് ഇരയായവരുണ്ടെന്നാണ് നിഗമനം. ഗാസിയാബാദിൽ നിന്ന് അറസ്റ്റിലായ മുഖ്യപ്രതി നജീബില്‍ നിന്ന് അവയവദാനത്തിന്റെ കണക്കുകളും പണമിടപാടുകളും ഏജന്റുമാരുടെ വിവരങ്ങളും അടങ്ങിയ നിർണായക ഡയറി പൊലീസ് പിടിച്ചെടുത്തു. ഈ ഡയറി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പ്രതി നജീബ് മൊഴിനല്‍കി. ഏജന്റുമാരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു.  പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. 

 

തട്ടിപ്പുമായി ബന്ധപ്പെട്ട് ആശുപത്രികളിലേക്കും ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അടുത്ത ബന്ധുക്കൾക്ക് മാത്രം അവയവം ദാനം ചെയ്യാൻ സാധിക്കൂ എന്ന നിയമം മറികടക്കുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഉൾപ്പെടെ സഹായത്തോടെയാണ് വ്യാജരേഖകൾ ചമച്ചിരിക്കുന്നത്. കൊച്ചിയിലുള്ളവർ അവയവം നൽകുകയും സ്വീകരിക്കുകയും ചെയ്ത സംഭവങ്ങളിൽ കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ നോട്ടറിമാരാണ് രേഖകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള കൊച്ചിയിലെ മെഡിക്കൽ ലാബിന്റെ ഫോൺ നമ്പർ ഒരു പ്രിന്റിങ് പ്രസിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

 

കൊച്ചിയിൽ അവയവദാനത്തിന്റെ പേരിൽ വ്യാജ രേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അവയവക്കച്ചവടത്തിന് ഇരയാക്കപ്പെട്ടവരുണ്ടെന്നാണ് പ്രാഥമികമായ അന്വേഷണത്തിൽ കണ്ടെത്തൽ. കേസിൽ ഇന്നലെ പിടിയിലായ മുഖ്യപ്രതി നജീബിനെയും കുട്ടാളികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നജീബ് നടത്തിയ വിദേശ യാത്രയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട് കേസിൽ ഇതുവരെ  7 പേരാണ് പിടിയിലായിട്ടുള്ളത്.

ENGLISH SUMMARY:

Police investigating the Kerala organ donation fraud case have uncovered a large network involved in forging documents for illegal organ trade. A crucial diary containing financial records, organ donation details, and agent information was seized from the main accused, Najeeb, arrested from Ghaziabad. Investigators suspect links extending beyond Kerala, including Tamil Nadu, and are expanding the probe to hospitals and influential individuals connected to the racket. A special investigation team is set to intensify the inquiry as more arrests are expected.