ലക്ഷദ്വീപിലേക്കുള്ള യാത്രക്ലേശത്തിന് അറുതായി ബേപ്പൂരില്‍ നിന്ന് സ്വകാര്യ യാത്രകപ്പല്‍ സര്‍വീസ് തുടങ്ങുന്നു. തിരുച്ചിറപള്ളിയിലെ സ്വകാര്യ കമ്പനിക്ക് കേന്ദ്ര കപ്പല്‍ഗതാഗതമന്ത്രാലയം സര്‍വീസിനു അനുമതി നല്‍കി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന്റെ സാന്നിധ്യത്തില്‍ ഇന്നു കോഴിക്കോട് നടക്കും. ആഴ്ചയില്‍ആറുദിവസം സര്‍വീസുണ്ടാകുമെന്ന് കമ്പനി ഉടമ മനോരമ ന്യൂസിനോടു സ്ഥിരീകരിച്ചു.
കോവിഡ് കാലത്തെ അടച്ചിടലിനൊപ്പമാണ് ബേപ്പൂരില്‍ നിന്ന് ലക്ഷ്വദ്വീപിലേക്കുള്ള കപ്പലുകള്‍ കരയകന്നത്. ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും രാജേന്ദ്ര ആര്‍ലേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമടക്കം ഇടപെട്ടെങ്കിലും ദ്വീപ് ഭരണകൂടം ബേപ്പൂരിലേക്കു യാത്രാ കപ്പലയച്ചിരുന്നില്ല. ഇതിനിടയ്ക്കാണു സ്വകാര്യ കപ്പലെത്തുന്നത്. ആന്ത്രോത്തിലേക്കാണു സര്‍വീസ് .നാഗപട്ടണം–ജാഫ്ന പാസഞ്ചര്‍ ഫെറി സര്‍വീസ് നടത്തുന്ന തിരുച്ചിറപ്പള്ളിയിലെ ശുഭം ഫെറിയെന്ന കമ്പനിയാണു അനുമതികള്‍ നേടിയെടുത്ത്.
220 പേര്‍ക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വെസല്‍ ചൈനയില്‍ നിന്ന് തൂത്തുകുടിയിലേക്ക് യാത്ര തിരിച്ചു. ഇടപ്പാതിക്കുശേഷം കടല്‍ ശാന്തമാകുന്നതോടെ സര്‍വീസ് തുടങ്ങും. ഫെബ്രുവരിയില്‍ ഉദ്ഘാടനത്തിനായി കേന്ദ്ര തുറമുഖ–കപ്പല്‍ ഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിനെ ക്ഷണിച്ചിരുന്നെങ്കിലും അന്തിമ അനുമതി വൈകിയതോടെ ചടങ്ങ് മാറ്റുകയായിരുന്നു.നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ചു 3000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്.