എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് കാരണം സ്കൂൾ അധികൃതരാണന്ന് ആരോപിച്ച് പെരിന്തൽമണ്ണ പ്രസന്‍റേഷൻ സ്കൂളിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സ്കൂളിനുള്ളിൽ പ്രതിഷേധിച്ചു. എം എസ് എഫ് അടക്കമുള്ള മറ്റു വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായെത്തി. കുട്ടിയുടെ മരണത്തിൽ സ്കൂളിന് പങ്കില്ലെന്ന് വാദവുമായി സ്കൂൾ അധികൃതരും രംഗത്തെത്തി.
പ്രസന്‍റേഷൻ ഹയർ സെക്കൻഡറി സ്കൂളിന്‍റെ ബൈപ്പാസിലെ പ്രധാന കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഒഴിവാക്കി മതിൽചാടിക്കടന്ന് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിനകത്തേക്ക് ഓടി കയറുകയായിരുന്നു. പിന്നീട് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ മാസം ഒന്നിനാണ് ഹയർസെക്കൻഡറിസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സ്കൂളിൽ പഠനം തുടരാൻ താൽപര്യമില്ലാതിരുന്ന കുട്ടിക്ക് ടി സി നൽകിയില്ലെന്നും ബലമായി മോറൽ പരീക്ഷ എഴുതിച്ചെന്നുമാണ് ആക്ഷേപം. സ്കൂളിന്‍റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായും പരാതിയിലുണ്ട്. ടി സി നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മോറൽ സയൻസ് പരീക്ഷ എഴുതണമെന്ന് വാശിപിടിച്ചിരുന്നു പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. സ്കൂളിലേക്ക് എം എസ് എഫ് , ഫ്രട്ടേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരും മാർച്ച് നടത്തി.