Untitled design - 1

TOPICS COVERED

സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസുകളിലെയും വിവിധ വകുപ്പുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. അതീവ രഹസ്യമായി കൈകാര്യം ചെയ്തിരുന്ന പേപ്പർ ഫയലുകളാണ് ഇത്തരത്തിൽ 'തീർപ്പാക്കാക്കുന്നത്'. സാധാരണ അനാവശ്യ കടലാസുകള്‍ നശിപ്പിക്കുന്ന പതിവ് ഉണ്ടെങ്കിലും കൂട്ടത്തോടെ വന്‍തോതിലുള്ള നശിപ്പിക്കല്‍ അസാധാരണമാണ്. 

 

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച നടപടി വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ വേഗത്തിലായിരിക്കുകയാണ്. ഓഫിസുകളിൽനിന്നു ശേഖരിച്ച് ചീഫ് സെക്രട്ടറിയുടെ മുറിക്കു സമീപമുള്ള ഷ്രെഡ്ഡിങ് റൂമിലേക്കു മാറ്റിയ ഫയലുകൾ മെഷീൻ ഉപയോഗിച്ചു ഷ്രെഡ് (തുണ്ടുകളാക്കുക) ചെയ്താണ് നീക്കുന്നത്. ഇത് ഇന്നു പൂർത്തിയാകും. മന്ത്രിമാരും പഴ്സനൽ സ്റ്റാഫും നടത്തിയ കത്തിടപാടുകൾ, വിശദാംശങ്ങൾ പുറത്താകാതിരിക്കാൻ ഇ–ഓഫിസ് സംവിധാനം ഒഴിവാക്കി നടത്തിയ കടലാസ് ഫയൽ നീക്കങ്ങൾ, കുറിപ്പുകൾ, അനുബന്ധ രേഖകൾ, ഒഴിവാക്കിയ കടലാസുകൾ തുടങ്ങിയവയാണ് നശിപ്പിക്കുന്നത്.

 

ഒരു സർക്കാർ മാറി അടുത്ത സർക്കാർ അധികാരത്തിലെത്തുന്നതു വരെ ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല വകുപ്പു സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ്. എന്നാൽ, വളരെ പ്രധാനപ്പെട്ട ഫയലുകളിൽ ഒരു പങ്ക് വോട്ടെടുപ്പിനു പിന്നാലെ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ സെക്രട്ടേറിയറ്റിൽനിന്നു നീക്കിയിരുന്നു. ബാക്കിയുള്ള പ്രധാന ഫയലുകളാണ് ഇപ്പോൾ നശിപ്പിക്കുന്നത്. ഇ–ഓഫിസ് കാര്യക്ഷമമായ ശേഷം സെക്രട്ടേറിയറ്റിൽ കടലാസ് ഫയലുകൾ വളരെ കുറച്ചു മാത്രമേ ഉള്ളൂവെന്നും അവ നശിപ്പിക്കുന്നെങ്കിൽ സ്ഥലത്തില്ലാത്തതിനാൽ അക്കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് പൊതുഭരണ സെക്രട്ടറി കെ.ബിജു പ്രതികരിച്ചത്.

ENGLISH SUMMARY:

Government file destruction in Kerala's Secretariat is a significant development attracting widespread attention. This process involves the mass shredding of paper files from ministerial offices and various departments, particularly after exit poll results were announced, raising concerns about transparency and accountability.