കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ വിനോദിനിയെയും മകന്‍ ബിനീഷ് കോടിയേരിയെയും കണ്ട് തളിപ്പറമ്പില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ടികെ ഗോവിന്ദന്‍. ടി.കെ. ഗോവിന്ദന്‍ വര്‍ഗവഞ്ചകനല്ലെന്നും പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി പറയട്ടെയെന്നും തുറന്നടിക്കുക കൂടി ചെയ്തു വിനോദിനി. 

'ടി.കെ.ഗോവിന്ദന് കൊടിയേരിയോട് നല്ല അടുപ്പമുണ്ടായിരുന്നു. ഗോവിന്ദന്‍ ഞങ്ങള്‍ക്ക് അനഭിമതനല്ല. വീട്ടില്‍ വരുന്നവരോട് മാന്യമായെ പെരുമാറൂ. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി പറയട്ടെ. കോടിയേരി ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അത് ആ പറയുന്ന ആള്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. എന്‍റെ വീട്ടിലെത്തുന്നയാളെ സ്വീകരിക്കുന്നത് എന്‍റെയും കുട്ടികളുടെയും ഇഷ്ടമാണ്. ഗോവിന്ദനെ പാര്‍ട്ടി തള്ളിയോ എന്നത് എന്‍റെ വിഷയമല്ല. ഞാന്‍ തള്ളിയിട്ടില്ല. ഇത് തികച്ചും വ്യക്തിപരമാണ്. എന്നെയും എന്‍റെ കുട്ടികളെയും കാണാന്‍ അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ ഇന്നയാള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് വരരുതെന്ന് പറയാന്‍ എനിക്ക് പറ്റില്ല'. – വിനോദിനി പറഞ്ഞു. 

ടി.കെ.ഗോവിന്ദന്‍റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരിയും പ്രതികരിച്ചു. 'പാര്‍ട്ടി നിലപാടിന്‍റെ ഒപ്പമേ എനിക്ക് നില്‍ക്കാനാവൂ. ഗോവിന്ദന്‍ മാഷ് എന്നെ എടുത്ത് നടന്നിട്ടുള്ള ആളാണ്. മാഷിന്‍റെ നിലപാടിനോട് എനിക്ക് യോജിപ്പുണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. '– ബിനീഷ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

TK Govindan's visit to Kodiyeri Balakrishnan's residence to meet Vinodini and Bineesh Kodiyeri has sparked discussion. Vinodini stated that TK Govindan is not a traitor and that the party should speak for itself regarding party matters.