പാലക്കാട് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ചില്ലുകുപ്പി എറിയുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ കുപ്പി എറിഞ്ഞതോടെ പൊലീസ് ഇടപെട്ടു. ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിലേക്ക് കയറി പൊലീസ് പ്രവര്‍ത്തകരെ തല്ലി. പൊലീസ് ഓഫീസ് കെട്ടിടത്തിന് അകത്തേക്ക് കയറാതിരിക്കാന്‍ എന്‍.എന്‍ കൃഷ്ണദാസ് ഓഫീസ് പടിക്കല്‍ നിലയുറപ്പിച്ചു.
പൊലീസ് ലാത്തിയടിയില്‍ എസ്എഫ്ഐ പാലക്കാട് ഏരിയ സെക്രട്ടറി നിഖിലിന് പരുക്കേറ്റു. ഓഫീസ് പടിക്കല്‍ വച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചെന്നും കല്ലെറിഞ്ഞുമാണ് സിപിഎമ്മിന്‍റെ ആരോപണം. അതേസമയം, പൊലീസ് ലാത്തിയടിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പോര് കനത്തു.
വിഡി സതീശന്‍റെ വാക്കുകേട്ട് എസ്എഫ്ഐ പ്രവർത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടാല്‍ പ്രതിരോധിക്കുമെന്നാണ് ഇടത് അനുകൂല അക്കൗണ്ടുകളിലെ പ്രതികരണം. ഇടതു സര്‍ക്കാറിന്‍റെ കാലത്ത് യുഡിഎഫ് പ്രവര്‍ത്തരെ പൊലീസ് മര്‍ദിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. 'എസ്എഫ്ഐ പ്രവർത്തകരെ പോലീസ് രക്ഷപ്രവർത്തനം ചെയ്തു. കേരളത്തിൽ ചുവപ്പണിഞ്ഞില്ലെങ്കിലും.... ഇവരുടെ പുറത്ത് ചുവപ്പണിഞ്ഞു' എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതികരണം.