Image Credit : Facebook
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വൈകാരിക പോസറ്റ് കയ്യടികള്‍ ഏറ്റുവാങ്ങുന്നു. 'നമ്മള്‍ ജയിച്ചു അപ്പ' എന്ന കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികില്‍ നില്‍ക്കുന്ന ചിത്രമാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
52907 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍റെ വിജയം. കെ.എം.രാധാകൃഷ്ണനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. കെ.എം.രാധാകൃഷ്ണന്‍ 31124 വോട്ടുകള്‍ നേടിയപ്പോള്‍ ചാണ്ടി ഉമ്മന്‍ നേടിയത് 84031 വോട്ടുകളാണ്. 15 റൗണ്ടായിരുന്നു വോട്ടെണ്ണല്‍. ഫ്ലക്സ്, ബാനര്‍, പോസ്റ്റര്‍, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കിയായിരുന്നു ചാണ്ടി ഉമ്മന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. 'ജനങ്ങൾക്ക് എന്നെ അറിയാം. വെറുതേ ഫ്ലക്സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല' എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ നിലപാട്.
പ്രചാരണത്തിന്‍റെ ഭാഗമായി ചുവരെഴുത്തും സൈക്കിള്‍ യാത്രയും മാത്രമായിരുന്നു ചാണ്ടി ഉമ്മന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. സൈക്കിളിലായിരുന്നു മണ്ഡലപര്യടനം. അരനൂറ്റാണ്ടുകാലത്തോളം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്കയച്ച ചരിത്രമുളള മണ്ഡലമാണ് പുതുപ്പളളി. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ തന്നെയാണ്. ഇപ്പോഴിതാ തന്റെ പിതാവിന്റെ റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.