ബി.ഡി.എസ്. വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രംഗത്ത്. കേസിലെ പ്രതികൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും അന്വേഷണത്തിൽ സർക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പിതാവ് പറഞ്ഞു. കേസിൽ പ്രതിസ്ഥാനത്തുള്ള ഡോ. സംഗീതയ്ക്ക് പൊലീസ് സ്റ്റേഷനിൽ വെച്ച് വലിയ സ്വീകരണം ലഭിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കേസിലെ മറ്റൊരു പ്രധാനിയായ ഡോ. റാമിനെ പിടികൂടാൻ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആത്മഹത്യയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ദൃശ്യങ്ങളും വിട്ടുനൽകാൻ പൊലീസ് തയ്യാറാകുന്നില്ലെന്നതാണ് കുടുംബത്തിന്റെ പ്രധാന പരാതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാനായി കഴിഞ്ഞ ആറ് ദിവസമായി ഡി.ഐ.ജി., സിറ്റി പൊലീസ് കമ്മീഷണർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങുകയാണ്.
പ്രാഥമിക രേഖകൾ പോലും നൽകാത്തതിനാൽ കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നിസ്സംഗത അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും നിധിന്റെ കുടുംബം വ്യക്തമാക്കി.