7mundu

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം തകർത്ത പ്രദേശങ്ങളിൽ വീണ്ടും വ്യാപക മോഷണം. പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ദുരന്തബാധിതർ.ഉരുൾപൊട്ടൽ കവർന്നെടുത്ത ജീവിതങ്ങൾക്കിടയിൽ അവശേഷിച്ച സമ്പാദ്യവും ഇപ്പോൾ കള്ളന്മാർ കൊണ്ടുപോകുകയാണ്. ദുരന്തത്തിന് ശേഷം ജനവാസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം പതിവാകുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കാർഷിക ഉപകരണങ്ങൾ, കുടിവെള്ള ടാങ്കുകൾ, മോട്ടറുകൾ, പൈപ്പുകൾ എന്നിവയടക്കം വൻതോതിൽ മോഷണം പോയി. നിലവിൽ വാടക വീടുകളിൽ താമസിക്കുന്ന ദുരന്തബാധിതർ വല്ലപ്പോഴും സ്വന്തം വീടുകളിൽ എത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ദുരിതബാധിതനായ സുൽത്താന്റെ വീട്ടിൽ നിന്ന് മാത്രം ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.നോ-ഗോ സോൺ ആയി പ്രഖ്യാപിച്ച ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ നിലവിൽ പാസ് നിർബന്ധമാണ്. ചൂരൽമല ടൗണിൽ പോലീസിന്റെ കർശന പരിശോധന നിലനിൽക്കെ ഇത്തരത്തിൽ വ്യാപക മോഷണം നടക്കുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിൽ സംഘടിത സംഘമുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.മേഖലയിൽ രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നുമാണ് ദുരന്തബാധിതരുടെ ആവശ്യം.

ENGLISH SUMMARY:

Wayanad landslide victims are facing widespread theft in their disaster-affected areas, with hundreds of thousands of rupees worth of goods stolen in the past two months. Despite complaints, authorities are allegedly not taking adequate action, leaving victims struggling to recover.