ബംഗളൂരുവിലെ കനത്ത മഴയിൽ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ് മരിച്ച കുടുംബശ്രീ അംഗങ്ങളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിനോദസഞ്ചാരത്തിനായി എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിൽ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ ജീവനക്കാരാണ് ഇവർ. അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപത് മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും ഏറെ സന്തോഷത്തോടെയാണ് ഈ 56 അംഗ സംഘം ബംഗളൂരുവിലേക്ക് വിമാനത്തിൽ യാത്ര തിരിച്ചത്. എന്നാൽ വൈകുന്നേരമെത്തിയ അതിശക്തമായ മഴ ആ സന്തോഷങ്ങളെല്ലാം കണ്ണീരിലാഴ്ത്തി. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് മഴയിൽ തകർന്നു വീണത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷ തേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. 

വഴിയോര കച്ചവടക്കാരും യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. മരിച്ച ഏഴു പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു എന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. പരിക്കേറ്റ മൂന്ന് കുടുംബശ്രീ അംഗങ്ങൾ ചികിത്സയിൽ തുടരുകയാണ് . രാവിലെ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ മരണവാർത്ത ഞെട്ടലോടെയാണ് രാമമംഗലം ഗ്രാമം കേട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഇപ്പോഴും ഈ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും. 

Bengaluru Hospital Wall Collapse: A Heartbreaking Account of Rain-Induced Disaster:

Bengaluru rain tragedy claims lives of Kudumbashree members as a hospital wall collapsed due to heavy rainfall. The deceased, hailing from Ramamangalam, Ernakulam, were part of a tourist group, and their bodies are being brought back to their hometown today.