air-port

TOPICS COVERED

 

വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാർ കൊണ്ടുവരുന്ന മദ്യത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കുമെന്ന് വാദം. 2 ലിറ്ററിൽ കൂടുതലുള്ള മദ്യം പിടിച്ചെടുക്കാനാണ് കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഉത്തരവ്. മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും എന്നാണ് മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്തുനിന്ന് വരുന്നവർക്ക് കസ്റ്റംസ് നിയമപ്രകാരം രണ്ട് ലിറ്റർ മദ്യം ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാൻ അനുവാദമുണ്ട്. കസ്റ്റംസ് നിയമപ്രകാരം പിഴയൊടുക്കിയാൽ രണ്ട് ലിറ്ററിൽ അധികമായുള്ള മദ്യം കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പിഴയടച്ച് മദ്യം പുറത്തേക്ക് കൊണ്ടുപോകുന്നത് സംസ്ഥാനത്തെ അബ്കാരി നിയമങ്ങളുടെ ലംഘനമാണെന്നാണ് കസ്റ്റംസ് നിലപാട്. അബ്‌കാരി നിയമമനുസരിച്ച് വിദേശ നിർമ്മിത വിദേശ മദ്യം ഒരാൾക്ക് പരമാവധി 2.5 ലിറ്റർ വരെ മാത്രമേ കൈവശം വെക്കാനാകൂ. ഈ പരിധിയിൽ കൂടുതൽ മദ്യം കൊണ്ടുവരുന്നവർക്ക് എക്സൈസ് വകുപ്പിന്റെ പ്രത്യേക ലൈസൻസ് ഇല്ലാത്ത പക്ഷം, അധികമുള്ള മദ്യം കസ്റ്റംസ് പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും. വാണിജ്യ ആവശ്യങ്ങൾക്കായി മദ്യം കടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കർശന നീക്കം. എന്നാൽ ഉത്തരവ് യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്നാണ് മുൻ ഉദ്യോഗസ്ഥരുടെ നിലപാട്. വിമാനത്താവളത്തിന് അകത്ത് അബ്കാരി നിയമം ബാധകമല്ല. ഇത് ഉത്തരവിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ അനുവദനീയമായതിലും കൂടുതൽ മദ്യം കൊണ്ടുവന്നത് ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും, വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടാവുകയും പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. ഇതാണ് നടപടി കർശനമാക്കാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് പിന്നിലെന്നാണ് വിവരം.

 

ENGLISH SUMMARY:

Nedumbassery airport liquor rules are facing scrutiny after customs officials implemented stricter regulations on alcohol brought in by international passengers. The new order from the Kochi Customs Commissioner mandates the seizure of more than 2 liters of liquor, raising concerns among former officials about increased workload and potential legal challenges.