ജല വൈദ്യുത പദ്ധതികള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസം നിന്നെന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വിമര്‍ശനത്തിനെതിരെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സി.ആർ.നീലകണ്‌ഠന്‍. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളെ തടഞ്ഞത് കോടതിയെന്നും മന്ത്രി പരിസ്ഥിതിവിരുദ്ധനായതിന്‍റെ കാരണം അറിയില്ലെന്നും നീലകണ്ഠന്‍ പറഞ്ഞു. പ്രായംകൊണ്ടാകാം ഈ മാറ്റമെന്ന് സി.ആര്‍.നീലകണ്ഠന്‍.
പരിസ്ഥിതി പ്രവര്‍ത്തകര്‍ വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഒരോ പദ്ധതിയും ഓരോ കാരണം പറഞ്ഞ് മുടക്കി. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, ബാഗും തൂക്കിവന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മീഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടെ വൈദ്യതി മേഖലയിലെ നേട്ടങ്ങള്‍ എടുത്തുകാട്ടി എങ്ങും വെളിച്ചം പുസ്തകവും മന്ത്രി പുറത്തിറക്കി.
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ലോഡ് കൂടുമ്പോള്‍ ട്രിപ്പ് ആകുന്നതാണെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ആദ്യം മുതല്‍ ഉപഭോഗം കൂടുമ്പോള്‍ ഫീഡറുകള്‍ ഓഫ് ചെയ്യുന്നത് കാരണം പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചില ഇടങ്ങളില്‍ ഒരുമണിക്കൂറിലേറെയായിരുന്നു നിയന്ത്രണം. കഴിഞ്ഞദിവസം ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് ഉന്നതതല യോഗത്തിലാണ് വൈകുന്നേരം ആറിനും രാത്രി 12 നും മധ്യേ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഔദ്യോഗികമായി തന്നെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാലിത് ട്രാന്‍സ്ഫോര്‍മര്‍ ട്രിപ്പാകുന്നതാണെന്ന് മന്ത്രി പറയുന്നത്.
അതേസമയം, പത്തുവര്‍ഷം പവര്‍കട്ട് ഇല്ലയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറും രംഗത്തെത്തി. ആരുമറിയാതെ പവര്‍കട്ട് വരും. തന്റെ കാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ബിജു പ്രഭാകര്‍. തിരുവനന്തപുരത്ത് തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു കെഎസ്ഇബിക്ക് എതിരായ ബിജു പ്രഭാകറിന്റെ തുറന്നു പറച്ചില്‍. അതേസമയം ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടും ഉപയോഗം കുറഞ്ഞില്ല. റെക്കോര്‍ഡിന് തൊട്ടടുത്താണ് ഇന്നലെ ഉപയോഗം. 117 ദശലക്ഷം യൂണിറ്റ്. 27 ന് രേഖപ്പെടുത്തിയ 118.26 ദശലക്ഷം യൂണിറ്റ് ആണ് സര്‍വകാല റെക്കോര്‍ഡ്.