ജനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കാനാണ് ലോഡ്ഷെഡിങിലേക്ക് വൈദ്യുതി ബോര്‍ഡ് നീങ്ങിയത്. പുറത്തുനിന്നുള്ള വൈദ്യുതിയുടെ നിരക്ക് കഴിഞ്ഞദിവസം യൂണിറ്റ് 20 രൂപവരെ എത്തിയിരുന്നു.
വേനല്‍മഴകിട്ടുകയും ഉപയോഗം കുറയുകയും ചെയ്താല്‍ മേയ് ആദ്യവാരം തന്നെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.
രാജ്യത്താകെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നിരക്കും കൂടി. സംസ്ഥാനത്ത് വൈകുന്നേരം 6-നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. അപ്രഖ്യാപിത നിയന്ത്രണം ഉണ്ടായിട്ടും ഏപ്രിൽ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ കുതിച്ചു. മുന്‍കൂര്‍ വൈദ്യുതി വിപണയില്‍ യൂണിറ്റിന് 20 രൂപവരെ ഉയരുകയുംചെയ്തു. മേയ് 15 വരെ 250 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പരമാവധി പത്തുരൂപയ്ക്ക് വാങ്ങാനാണ് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. മാത്രമല്ല കൂടുതല്‍ നിരക്ക് നല്‍കി വൈദ്യുതിവാങ്ങിയാല്‍ അധികച്ചെലവ് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആയി ഈടാക്കേണ്ടിയും വരും. ഇതൊഴിവാക്കാനാണ് അറ്റകൈ പ്രയോഗമെന്ന നിലയില്‍ അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വേനല്‍മഴ കിട്ടിയത് അല്‍പം ആശ്വാസമായി. അത്യുഷ്ണം, പാചകവാതക ലഭ്യതക്കുറവ് മൂലം വൈദ്യുതിഅടുപ്പുകളുടെ അധിക ഉപയോഗം എന്നിവകാരണമാണ് വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിതെന്ന് കെഎസ്ഇബി വിലയിരുത്തുന്നു. വേനല്‍ക്കാല ആവശ്യകത മുന്‍കൂട്ടിക്കണ്ട് ദീര്‍ഘകാല കരാറുളില്‍ ഏര്‍പ്പെട്ടില്ലെന്ന് റഗുലേറ്ററി കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന പഴയ കരാര്‍ റദ്ദാക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴംകൂട്ടി.