പെട്രോൾ പമ്പുകളിലേക്കുള്ള സ്റ്റോക്കിൽ എണ്ണ കമ്പനികൾ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആശങ്കയിൽ ഡീലർമാരും ഉപഭോക്താക്കളും. ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധന വില വർദ്ധിപ്പിച്ചേക്കുമെന്നാണ് ആശങ്ക. അതേസമയം, നിയന്ത്രണങ്ങൾക്കിടയിലും പല പമ്പുകളിലും ഇന്നലെ ഇന്ധനമെത്തി.

ഇന്ധന വില്പന ചുരുക്കുന്നതിന്റെ ഭാഗമായി പമ്പുകൾക്ക് നൽകുന്ന ക്രെഡിറ്റ് സൗകര്യം പൊതുമേഖല എന്ന കമ്പനികൾ നേരത്തെ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്കിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം. രണ്ടുദിവസത്തേക്കുള്ള ഇന്ധനം പമ്പുകളിൽ സ്റ്റോക്ക് ചെയ്താൽ മതിയെന്നാണ് ഡീലർമാർക്കുള്ള നിർദ്ദേശം. ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രം ഇന്ധനം കൊണ്ടുപോകാനുള്ള ടാങ്കറുകൾ ടെർമിനലുകളിലേക്ക് അയച്ചാൽ മതിയെന്നും നിർദ്ദേശമുണ്ട്. ഇന്ധനം എടുക്കാനായി ടെർമിനലുകളിലേക്ക് പോയ ഭൂരിഭാഗം ഡീലർമാർക്കും തിങ്കളാഴ്ച ലഭിച്ചിരുന്നില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമായിരുന്നു. പല പമ്പുകളും ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തി. നിയന്ത്രണത്തിൽ നടപടി ആവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്, ഐഒസി ജനറൽ മാനേജർക്ക് കത്ത് നൽകിയിരുന്നു. എന്തായാലും ഇന്നലെ ഇന്ധനം ലഭിച്ചതോടെ പെട്രോൾ പമ്പുകൾ ഭൂരിഭാഗവും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി.

പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ വൻകിട ഉപഭോക്താക്കൾക്കുള്ള ഇന്ധനവിലയിൽ എണ്ണ കമ്പനികൾ വർധന വരുത്തിയിരുന്നു. ഇതോടെ അവരും പെട്രോൾ പമ്പുകളെ ആശ്രയിച്ചു തുടങ്ങി. ഇത് പമ്പുകളിലെ സ്റ്റോക്ക് വേഗത്തിൽ തീരാൻ കാരണമാകുന്നുണ്ടെന്നും ഡീലർമാർ പറയുന്നു. വോട്ടെടുപ്പിന്റെ അവസാനഘട്ടം ഇന്ന് പൂർത്തിയാകുന്നതിന് പിന്നാലെ വില വർദ്ധിപ്പിച്ചേക്കും എന്നും ആശങ്കയുണ്ട്. ഇതെല്ലാം ആളുകളെ നേരത്തെ ഇന്ധനം ശേഖരിച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും ഡീലർമാർ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Fuel crisis in India is intensifying as oil companies have imposed severe restrictions on stock at petrol pumps. Dealers and customers are concerned about potential fuel price hikes following the completion of voting today, adding to the existing fuel availability issues.