കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ലഘുജീവചരിത്രം ഇംഗ്ലീഷ് പത്രത്തിൽ പരസ്യമായി നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രജിൻ ബാബുവിനെതിരെ കെപിസിസി അച്ചടക്ക നടപടി. സംഭവത്തെ ഗുരുതരമായ അച്ചടക്കലംഘനമായി വിലയിരുത്തിയ കെപിസിസി, പ്രജിൻ ബാബുവിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം.
രമേശ് ചെന്നിത്തലയുടെ പഴയകാല ചിത്രങ്ങളും രാജീവ് ഗാന്ധിക്കൊപ്പമുള്ള ദൃശ്യങ്ങളും വിവാഹചിത്രവും ഉൾപ്പെടുത്തി ഇംഗ്ലീഷ് പത്രത്തിൽ വന്ന ഫീച്ചറാണ് വിവാദത്തിന് ആധാരം. മുഖ്യമന്ത്രിയുമായുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ ഇത്തരമൊരു പരസ്യം വന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. എന്നാൽ ഇത് പരസ്യമല്ലെന്നും താൻ എഴുതിയ ഒരു ലേഖനമാണെന്നുമാണ് പ്രജിൻ ബാബുവിന്റെ വാദം.
ഇതൊരു മാർക്കറ്റിംഗ് ഫീച്ചർ അല്ലെന്നും ലേഖനമായതിനാൽ ഇതിനായി പണം ചെലവഴിച്ചിട്ടില്ലെന്നും പ്രജിൻ ബാബു പറഞ്ഞു. തന്നോട് ചോദിക്കാതെ ഇത്തരമൊരു കാര്യം പ്രസിദ്ധീകരിച്ചതിൽ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് വിയോജിപ്പ് അറിയിച്ചതായി പ്രജിൻ സമ്മതിച്ചു. തനിക്ക് ചെന്നിത്തലയോടുള്ള വ്യക്തിപരമായ ബന്ധം വെച്ച് എഴുതിയതാണെന്നും ലേഖനങ്ങൾ എഴുതുമ്പോൾ ആരുടെയും അനുവാദം വാങ്ങാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ പരസ്യം തനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞുമാറി. കെപിസിസി നൽകിയ നോട്ടീസിന് പ്രജിൻ ബാബു നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടികളിലേക്ക് പാർട്ടി നീങ്ങാനാണ് സാധ്യത.