വയറുവേദനയ്ക്ക് ചികില്‍സ തേടിയാണ് കഴക്കൂട്ടം സ്വദേശി ഇരുപത്തിനാലുകാരന്‍ ഷിഹാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തുന്നത്. വൃക്കയിലെ കല്ലെന്ന സംശയം തീര്‍ക്കാന്‍ ഡോക്ടര്‍മാര്‍ സ്കാനിങ് നിര്‍ദേശിച്ചു. ഷിഹാസ് അനുസരിച്ചു. എന്നാല്‍ ചികില്‍സ തേടിയ ദിവസം നല്‍കിയ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് വേദനയ്ക്ക് ചെറിയൊരു ആശ്വാസം ലഭിച്ചതിനാല്‍ ഷിഹാസ് സ്കാനിങ് റിപ്പോര്‍ട്ട് വാങ്ങാന്‍ വൈകി. പിന്നീട് കഴിഞ്ഞ ദിവസമാണ് സ്കാനിങ് റിപ്പോര്‍ട്ട് വാങ്ങിയത്.

ഹോമിയോ ചികില്‍സയാകാം എന്ന് കരുതി സ്കാനിങ് റിപ്പോര്‍ട്ടുമായി ഷിഹാസ് ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജിലെത്തി. എന്നാല്‍ ഷിഹാസിന്‍റെ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ‘ഗര്‍ഭപാത്രം’. ഇതുകണ്ട പേരും വയസും ഒന്നുകൂടി പരിശോധിച്ചു, പക്ഷേ എല്ലാം ഷിഹാസിന്‍റേത് തന്നെയായിരുന്നു.

റിപ്പോർട്ടുമായി ഷിഹാസ് മെഡിക്കൽ കോളേജിൽ എത്തി കാര്യം പറഞ്ഞു. പിന്നാലെ ജീവനക്കാരുടെ പതിവ് രീതി– രോഗിയോടുള്ള ദേഷ്യപ്പെടല്‍. നിനക്ക് ഈ രീതിയില്‍ റിപ്പോര്‍ട്ട് നല്‍കാനേ കഴിയൂ എന്ന് പറഞ്ഞുവെന്നും. സ്വരം കടുത്തതോടെ പരിശോധിക്കാനെന്ന മട്ടില്‍ വാങ്ങിയ റിപ്പോര്‍ട്ട് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിട്ടതായും ഷിഹാസ് പറയുന്നു. പിന്നീട് തര്‍ക്കമായി. ഒടുവില്‍ തെറ്റ് തിരുത്തി പുതിയ പ്രിന്‍റ് നൽകുകയും ചെയ്തു. മറ്റേതോ യുവതിയുടെ പരിശോധന റിപ്പോര്‍ട്ടാണ് ഷിഹാസിന് മാറി ലഭിച്ചതെന്ന് വ്യക്തം. എന്തായാലും നടപടിയുണ്ടാവുമെന്ന് ഉറപ്പില്ലെങ്കിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും ഷിഹാസ് പരാതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

A 24-year-old man from Kazhakkoottam, Shihas, was shocked to find his ultrasound report mentioning a 'Uterus' after undergoing a scan for kidney stones at Trivandrum Medical College. The error came to light when he presented the report at a Homoeo Medical College. Shihas alleged that hospital staff behaved rudely and attempted to destroy the incorrect report when he pointed out the mistake. A complaint has been lodged with the Medical College Superintendent and the police regarding the medical negligence and staff misconduct.