snake2

TOPICS COVERED

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പാമ്പുകടിയേറ്റു. കോഴിക്കോടും ഇരിങ്ങാലക്കുടയിലും രണ്ടു പേര്‍ക്ക് വീതവും, ഹരിപ്പാട്, എടപ്പാള്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും പാമ്പ് കടിച്ചു.  ഇന്നലെ പാമ്പുകടിയേറ്റ് ആശുപത്രിയിലെത്താന്‍ 23 പേരാണ് 108 ആംബുലന്‍സുകളുടെ സഹായം തേടിയത്.   

കോഴിക്കോട് പേരാമ്പ്ര കണ്ണിപൊയിലില്‍ സ്വദേശി അഞ്ജലിയെ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് പൂനൂര്‍ സ്വദേശി 22കാരന്‍ മുഹമ്മദ് അന്‍സാറിന് ഇന്ന് പുലര്‍ച്ചെയാണ് പാമ്പുകടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഹരിപ്പാട് പള്ളിപ്പാട് ദേവമംഗലത്ത് നാല്‍പതുകാരിയായ  സിന്ധുവിനാണ് പാമ്പുകടിയേറ്റത്. രാത്രി വീടിന്റെ ഗേറ്റ് അടക്കുന്നതിന് പോയപ്പോഴാണ് പാമ്പുകടിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുളിൽ ആലപ്പുഴ ജില്ലയിൽ രണ്ടു പേർ മരിക്കുകയും അഞ്ചു പേർക്ക് പാമ്പു കടിയേൽക്കുകയും ചെയ്തിരുന്നു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി ഭുവനചന്ദ്രനെ വീടിന് പുറത്തുവച്ചാണ് പാമ്പ് കടിച്ചത്. മലപ്പുറം എടപ്പാളില്‍ 21 വയസുകാരി ‌ചിറയ്ക്കല്‍ സ്വദേശി ഷഹ്‌ല തസ്നിക്കാണ് കടിയേറ്റത്. ഇരിങ്ങാലക്കുട കാറളം സ്വദേശി പ്രസീതയ്ക്ക് പുല്ല് വെട്ടുമ്പോഴാണ് പാമ്പുകടിയേറ്റത്. കിണര്‍ നിര്‍മാണത്തൊഴിലാളി സനീഷിനും കടിയേറ്റു. 

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റ് ചികില്‍സ തേടിയത് 23 പേരാണ്. ഒമ്പതു പേര്‍ക്കു കൂടി പാമ്പ് കടിയേറ്റതായി സംശയിക്കുന്നു. ആശുപത്രിയിലെത്താന്‍  108 ആംബുലന്‍സുകളുടെ സഹായം തേടിയവരുടെ കണക്കാണിത്. കോഴിക്കോട് കാരശേരി സജീഷിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ണൂർ താഴെ ചൊവ്വയിലെ പഴക്കടയിൽ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മൂവാറ്റുപുഴയില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയില്‍ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍നിന്ന് അഞ്ചു പാമ്പുകളെ കണ്ടെത്തി. കുട്ടികള്‍ കിടന്ന് ഉറങ്ങിയ കിടക്കയിലാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പെട്ട  പാമ്പുകളെ കണ്ടത്. പരിശോധനയില്‍ മറ്റ് മുറികളിലും പാമ്പിനെ കണ്ടെത്തി. തിരുവനന്തപുരം ഇടവ മരക്കടമുക്കില്‍ പാമ്പുകടിയേറ്റ് നാലുമാസം പ്രായമുള്ള ആട് ചത്തു. 

ENGLISH SUMMARY:

Snake bites in Kerala have seen an increase, with seven individuals reportedly bitten today across various districts. This surge highlights the importance of prompt medical attention and snake bite awareness throughout the state.