വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകുമെന്ന് കെ.എസ്.ഇ.ബി. ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോള്‍ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രം. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് (2025 ---- 1641.424 MU, 2024 ---- 1513.958 MU, 2023 ---- 1463.776 MU, 2022 ---  1598.964 MU) കുറഞ്ഞജലനിലയാണ്. 

പ്രതിദിനം ശരാശി 25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ 51 ദിവസത്തേയ്ക്കുള്ള ജലം. കഴിഞ്ഞവര്‍ഷം ഇതേദിവസം 1641.42  ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. ഏറ്റവും മോശം അവസ്ഥ 2017 ലായിരുന്നു. അന്ന് ഇതേ ദിവസം അണക്കെട്ടുകളില്‍ 868.62  ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണുണ്ടായിരുന്നത്.

അതേസമയം, വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗം ഇന്ന്  പതിനൊന്നിന് ചേരും. പവർ എക്‌സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് യോഗം. ഇതിന് വേണ്ട ക്രമീകരണങ്ങൾ കോർകമ്മിറ്റി ചർച്ച ചെയ്യും. യൂണിറ്റിന് പരമാവധി  10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാർ വഴി വാങ്ങാനാണ് അനുമതി നൽകിയത്. 

എപ്പോൾ ഈ വൈദ്യുതി ലഭ്യമാകും എന്നതിൽ വ്യക്തതയില്ല. ഉപഭോഗം കൂടുന്നതിന് അനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെഎസ്ഇബി ശ്രമം. വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങുന്നതിന്‍റെ ഭാരം ജൂൺ -ജൂലൈ മാസങ്ങളിലാകും ഇന്ധന സർചാർജിലൂടെ ജനം അനുഭവിക്കുക. 

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has warned of a looming power crisis as water levels in hydroelectric reservoirs have plummeted to just 30% of total capacity. Currently, the available water can only generate 1,279.59 million units of electricity, significantly lower than the levels recorded over the past four years. With daily consumption hitting record highs, KSEB estimates that current reserves will last only about 51 days if daily production is maintained at 25 million units. To tackle the emergency, a core committee meeting has been scheduled to finalize the purchase of 250 MW of power from external exchanges at rates of up to ₹10 per unit, though consumers may face the financial impact via fuel surcharges in the coming months.