മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ പെട്ട 51 കുടുംബങ്ങൾ കൂടി സ്വന്തം വീടിന്റെ തണൽ. മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഗൃഹപ്രവേശം. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണെന്നായിരുന്നു മുഖ്യാതിഥിയായെത്തിയ സാദിഖലി തങ്ങളുടെ പ്രതികരണം.

ജീവിതത്തിലെ ഇരുണ്ട ദിനങ്ങൾ അവസാനിക്കുകയാണ്. തൃക്കൈപ്പറ്റയിലെ ആ 51 വീടുകളിലും പ്രകാശം തെളിഞ്ഞു. മതപരമായ ചടങ്ങുകളോടെയായിരുന്നു ഗൃഹപ്രവേശം. സ്വന്തമായി ഒരു വീട് കിട്ടുന്നതിൻ്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്. വീടൊരുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൻ ലീഗ് നേതാക്കളും.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും, അതിലൊരു അർത്ഥവും ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 1060 ചതുരശ്രയടി വിസ്തീർണത്തിൽ പൂർത്തിയാക്കിയ വീടുകളിൽ മൂന്നു മുറികളുണ്ട്. 105 വീടുകളാണ് ലീഗ് ദുരന്ത ബാധിതർക്ക് നിർമ്മിച്ചു നൽകുന്നത്. ശേഷിച്ച 54 വീടുകൾ മെയ് 31നകം കൈമാറാണ് ലക്ഷ്യമിടുന്നത്.