കടുത്ത ചൂടിനും താപനില മുന്നറിയിപ്പിനുമിടെ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബുധനാഴ്ച നാല് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പു നല്‍കി. 

 

ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോള്‍ തന്നെ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്.  പ്രതിസന്ധി തരണം ചെയ്യാൻ കെ.എസ്.ഇ.ബിയുടെ കോർ കമ്മിറ്റി യോഗം ഇന്ന്  പതിനൊന്നിന് ചേരും. ഉപഭോഗം കൂടുന്നതിന് അനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെ.എസ്.ഇ.ബി ശ്രമം. 

 

Also read: വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകും

കനത്തചൂടില്‍ വെന്തുരുകുകയാണ് ആശുപത്രിക്കിടക്കയിലെ രോഗികളും. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വാര്‍ഡുകളില്‍ ഫാന്‍ കേടാതായതോടെ വീട്ടില്‍ നിന്ന് ഫാന്‍ എത്തിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. 17 രോഗികളുള്ള സ്ത്രീകളുടെ വാര്‍ഡായ 23 ലെ അവസ്ഥയാണിത്. ഓരോ ബെഡിന് മുകളിലും ഫാനുണ്ടെങ്കിലും ചിലത് പേരിന് കറങ്ങും. ചിലത് പ്രവര്‍ത്തനരഹിതവും. ഇതോടെയാണ് വീട്ടില്‍ നിന്ന് ഫാനുകള്‍ എത്തിച്ചത്.  വെന്തുരുകുന്ന ചൂടില്‍ ഫാന്‍ പോലും ഇല്ലാതെയായതോടെ രോഗികളുടെ തളര്‍ച്ചയും ക്ഷീണവും കൂടി

 

രോഗികളുടെ പരാതി വര്‍ധിച്ചതോടെ കേടായ ചില ഫാനുകളൊക്കെ മാറ്റി തുടങ്ങിയിട്ടുണ്ട്. ഒപിയിലും ദിവസവും നൂറുകണക്കിന് രോഗികളെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വരാന്തകളിലും ഫാനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.  കടലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഉപ്പുകാറ്റേറ്റാണ് ഫാനുകള്‍ പെട്ടെന്ന് നശിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.  കേടായ എല്ലാ ഫാനുകളും മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു പറഞ്ഞു 

ENGLISH SUMMARY:

Kerala is expected to receive summer rain, bringing relief from the intense heat and high temperatures. The India Meteorological Department has issued a yellow alert for four districts on Wednesday, indicating the possibility of heavy rainfall, thunderstorms, and strong winds.