സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാട് 39.7 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. കൊല്ലത്ത് 38.6, കോഴിക്കോട് 38 ഡിഗ്രി സെല്‍സ്യസ് വീതം ചൂട് അനുഭവപ്പെട്ടു. വേനല്‍മഴ ചിലയിടങ്ങളില്‍ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടുത്ത ചൂട്, വര്‍ധിക്കുന്ന പാമ്പുകടി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ , ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.
ചിറയിൻകീഴിൽ പാമ്പ് കടിയേറ്റു മരിച്ച എട്ടുവയസുകാരന് നല്‍കിയ ചികിത്സയിൽ പിഴവുണ്ടായെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഇന്ന് തെളിവെടുപ്പ് നടത്തും. ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരോട് ഡിഎംഒക്ക് മുമ്പാകെ ഹാജരായി വിശദീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. മരിച്ച ദിക്ഷിലിന് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതർ റിപ്പോർട്ട് നല്‍കിയത്. കുട്ടിക്ക് പാമ്പ് കടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പ്രതിരോധ മരുന്ന് നൽകിയില്ലെന്നുമാണ് കുടുംബം ആരോപിച്ചത്. പാമ്പുകടി തിരിച്ചറിയാതെ പോകരുതെന്നും ആന്റിവെനം നൽകുന്നതിൽ വീഴ്ച പാടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് തുടരുകയാണ്. ഈ മാസം ആദ്യം തന്നെ, വൈദ്യുതി ഉപയോഗം വളരെക്കൂടുന്ന ചില ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണം തുടങ്ങിയിരുന്നു. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഫീഡറുകള്‍ പതനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നുണ്ട്. ഇതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിക്ക് തിരിച്ചടിയായി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. അതേസമയം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചെറിയതോതില്‍ മഴപെയ്തിട്ടും വൈദ്യുതി ഉപയോഗം ഒട്ടുംകുറയുന്നില്ല. കഴിഞ്ഞദിവസവും വൈദ്യുതി ഉപയോഗം 115.28 ദശലക്ഷം യൂണിറ്റായിരുന്നു.