കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ ക്രമക്കേടിൽ നടപടി. വീഴ്ചവരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തല നടപടി
ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 65 ടൺ അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. റേഷൻ കടകളിൽ പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്പെക്ടർ ജയകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2024 മുതൽ നടന്ന റേഷൻ കൊള്ള സംബന്ധിച്ച് കൃത്യമായ അറിവ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമ്മാൻ ജിനു സ്‌കറിയ ഉമ്മൻ ഇടമലക്കുടിയിൽ നേരിട്ടെത്തി അന്വേഷണം നടത്തുകയും,കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ദേവികുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗിരിജൻ സർവീസ് സഹകരണ സൊസൈറ്റി ആണ് ഇടമലക്കുടിയിൽ റേഷൻ വിതരണം നടത്തുന്നത്.സൊസൈറ്റി സെക്രട്ടറി അഖിൽ ജോസിനെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൊള്ള ചെയ്യപ്പെട്ട ഭക്ഷ്യവസ്തുക്കൾ എവിടെ വിറ്റു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.