താമരശേരിയില്‍ 19കാരിക്കു നേരെ വധശ്രമമെന്ന് പരാതി. കാരാടി പാല്‍ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന്‍റെ പുറകുവശത്തുകൂടി അതിക്രമിച്ചു കയറിയ അജ്ഞാതന്‍ വിസര്‍ജ്യം പുരട്ടിയ തുണി മുഖത്തമര്‍ത്തി പെണ്‍കുട്ടിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ സംഭവം നടക്കുമ്പോള്‍ അമ്മയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്‍റെ ഉടമ മുന്‍വശത്തു വന്ന സമയത്ത് ഇയാളോട് സംസാരിക്കാനായി അമ്മ പോയ സമയത്താണ് സംഭവം. പുറകുവശത്തെ വാതിലടയ്ക്കാന്‍ മറന്നിരുന്നു. ഈ സമയത്ത് അകത്തു കടന്ന പ്രതി അമ്മ ഉപയോഗിക്കുന്ന നൈറ്റി മുറിയിലെ അലമാരയില്‍ നിന്നും കവര്‍ന്ന് വീടിന്‍റെ പുറകുവശത്തെ ശുചിമുറിയില്‍ പോയി വിസര്‍ജ്യം പുരട്ടിയ ശേഷമാകും തിരിച്ചുവന്നതെന്നാണ് കുടുംബം പറയുന്നത്. മറ്റൊരു മുറിയില്‍ കമിഴ്ന്ന് കിടന്ന് മൊബൈല്‍ നോക്കുകയായിരുന്ന 19കാരിയുടെ കണ്ണും മുഖവും ഈ തുണികൊണ്ട് അമര്‍ത്തിപ്പിടിക്കുകയായിരുന്നു.
പുറകിലൂടെ വന്നപ്പോള്‍ ആദ്യം തന്‍റെ ചേച്ചിയായിരിക്കുമെന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍ പിന്നാലെയാണ് മുഖമമര്‍ത്തി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടി ഇയാളുടെ കൈ തട്ടിമാറ്റി. ഉടന്‍ തന്നെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ തുണി താഴെ വീഴുകയായിരുന്നു. ഈ പ്രദേശത്ത് സ്ത്രീകളെ ലക്ഷ്യംവച്ചുള്ള അതിക്രമങ്ങള്‍ സ്ഥിരമായി ഉണ്ടാവാറുണ്ടെന്നാണ് ഉയരുന്ന പരാതി.
ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും പതിവാണ്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവത്തില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.