Thrissur: Firefighters douse a blaze after a fire broke out at a fireworks manufacturing unit at Mundathikode village, in Thrissur district, Tuesday, April 21, 2026. (PTI Photo)(PTI04_21_2026_000375B)
തൃശൂര്‍ മുണ്ടത്തിക്കോട് നിര്‍മാണത്തിനിടെ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച ദുരന്തത്തില്‍ കാണാതായ നാലുപേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചതോടെ 10 മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 32 ശരീരഭാഗങ്ങളും ഒരു പൂര്‍ണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎന്‍എ പരിശോധനാ നടപടികള്‍ തുടരുന്നു. 12പേര്‍ ചികില്‍സയിലാണ്.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഇന്നറിയാം. ദേവസ്വം മന്ത്രി വി.എൻ.വാസവൻ വിളിച്ച ദേവസ്വങ്ങളുടെ യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് കലക്ടറേറ്റിൽ നടക്കും. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആവശ്യം ഉന്നയിക്കും.
പൂരം നടത്താൻ തീരുമാനിച്ചാൽ വെള്ളിയാഴ്ച ചമയ പ്രദർശനം. ശനിയാഴ്ച പൂര വിളംബരം. ഞായറാഴ്ച പൂരം. തിങ്കളാഴ്ച ഉപചാരം ചൊല്ലൽ എന്നിങ്ങനെയാകും ചടങ്ങുകള്‍. കുടമാറ്റം, മേളം തുടങ്ങിയവയിൽ മാറ്റമുണ്ടാകില്ല. 2006 ൽ പൂരത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായപ്പോഴും ആചാരങ്ങൾ മുടക്കാതെ പൂരം നടത്തിയ ചരിത്രം ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പൂരം നടത്തിപ്പിൽ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി രണ്ടു ദിവസത്തെ ദു:ഖാചരണം ദേവസ്വങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.