കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍റെ തീരുമാനം വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പിട്ട 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് സാങ്കേതികത്വം പറഞ്ഞ് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. നടപടികളിലെ ദുരൂഹതകളും പ്രത്യാഘാതങ്ങളും അക്കാലത്ത് തന്നെ മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിന് പുറത്ത് നിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കരുതെന്ന് ചൂണ്ടികാട്ടി ചീഫ് സെക്രട്ടറിയായിരുന്ന പോള്‍ ആന്‍റണി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്ക് 2022 ജൂണ്‍ നാലിന് കത്തയച്ചിരുന്നു. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടേണ്ട സാഹചര്യം വ്യക്തമാക്കി അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ളയും ദീര്‍ഘമായ കത്ത് വൈദ്യുതി മന്ത്രിക്ക് നല്‍കി. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് കരാര്‍ റദ്ദാക്കിയത്.
465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ ഇരുപത്തിയൊന്‍പത് പൈസയ്ക്ക് 25 വര്‍ഷത്തേയ്ക്ക് വാങ്ങാനുള്ള കരാര്‍ 2023 മേയ് 10 ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതിന്‍റെ പ്രത്യാഘാതം ഇപ്പോഴാണ് കൂടുതല്‍ നമ്മള്‍ അനുഭവിക്കേണ്ടിവരുന്നത്. നിസാരമായ സാങ്കേതികത്വം പറഞ്ഞാണ് കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്ന വൈദ്യുതി അന്നത്തെ റഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ് വഴി ഇല്ലാതായത്. കരാര്‍ റദ്ദാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ യൂണിറ്റിന് 3.55 രൂപയ്ക്ക് വൈദ്യുതി കിട്ടുമായിരുന്നു.
സ്ഥിര നിരക്ക് വര്‍ഷംതോറും രണ്ടുശതമാനം കുറക്കാനും റദ്ദാക്കിയ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് ഇപ്പോള്‍ യൂണിറ്റിന് 3.55 രൂപയ്ക്ക് കിട്ടുമായിരുന്ന വൈദ്യുതി പത്തുരൂപയ്ക്ക് വാങ്ങാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷന്‍റെ അനുമതി തേടിയത്. ഇതിലാണ് 24 ന് കമ്മിഷന്‍ വാദം കേള്‍ക്കുന്നത്. കരാര്‍ റദ്ദാക്കിയതുമൂലം 2024–25 സാമ്പത്തിക വര്‍ഷം മാത്രം 736 കോടിരൂപയാണ് അധികംചെലവായതെന്ന് വൈദ്യുതി ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. ഉദ്യോഗസ്ഥരുടെ മണ്ടന്‍ തീരുമാനങ്ങളുടെ ഭാരവും ഉപയോക്താക്കളുടെ ചുമലില്‍ വന്നുകൊണ്ടിരിക്കുന്നുവെന്ന് സാരം.