സംസ്ഥാനത്തെ കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ബാധകമല്ല.
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. മലപ്പുറത്തും കോഴിക്കോട്ടും എറണാകുളം ജില്ലയിലും കടുത്ത വെയിലില്‍ പൊള്ളലേറ്റവര്‍ ചികില്‍സതേടി. താപതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പകലുള്ള പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതീവ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; സംസ്ഥാനത്ത് താപതരംഗ മുന്നറിയിപ്പ്
പാലക്കാട് 41.1, കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെല്‍സ്യസിലേക്ക് ചൂട് ഉയര്‍ന്നതോടെയാണ് താപതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. സൂര്യാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ പള്ളിപ്പൊയിലില്‍യുവാവ് മരിച്ചു. 37 വയസ്സുള്ള സനില്‍ കുമാറിന് കിണര്‍നിര്‍മാണ ജോലിക്കിടെയാണ് സൂര്യാഘാതം ഏറ്റത്. ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു. മലപ്പുറം വണ്ടൂരില്‍ ഇസ ജോണെന്ന നാലുവയസുകാരിക്കും കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപിക അനിലക്കും വെയിലേറ്റ് പൊള്ളലുണ്ടായി. കടുത്തചൂടിനെ നേരിടാന്‍ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
പകല്‍ 11 മുതല്‍ 3 മണിവരെ പൊതുപരിപാടികള്‍ അനുവദിക്കില്ല. പകല്‍പൂരം, വെടിക്കെട്ട് ആനഎഴുന്നെള്ളിപ്പ് എന്നിവ ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍വേണം. പകല്‍ സമയത്തെ തൊഴിലുറപ്പ് ജോലികള്‍ നിറുത്തിവെച്ചു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും പുറം ജോലിചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കടുത്ത ചൂടുള്ള സമയത്ത് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കരുത്. എല്ലാ കെട്ടിടങ്ങളിലും വൈദ്യുതി ഒാഡിറ്റ് നടത്തണം. കാട്ടുതീ ഉണ്ടാകാതെ മലയോര മേഖലയില്‍പ്രത്യേക ജാഗ്രത പാലിക്കണം. മഴക്ക് സാധ്യത ഉണ്ടെങ്കിലും വരുന്ന ഏതാനും ദിവസം കൂടി സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.